20 വയസ്സ് പ്രായം ഉള്ള അദ്വൈതിന്റെയും 35 വയസ്സ് ഉള്ള മായയുടെയും പ്രണയത്തിന്റെ കഥ.
കൊല്ലം ടൗൺഷിപ്പിന്റെ തിരക്കിൽ നിന്നും അൽപ്പം ഒഴിഞ്ഞ ഒരു ഫ്ലാറ്റിലെ ഒമ്പതാം നിലയിലായിരുന്നു മായയുടെ ലോകം.
വൈകുന്നേരങ്ങളിൽ, ജനലിലൂടെ തുറന്നിട്ട അലസമായ കാഴ്ചയിലേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ, ആ 35 വയസ്സുകാരിയുടെ മനസ്സ് ഒരു പഴയ തകർന്ന ഓട്ടോറിക്ഷ പോലെ കിതച്ചു നിന്നു.
വിവാഹബന്ധം വേർപെടുത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞു.
ഔദ്യോഗികമായി ഒരു കോളേജ് പ്രൊഫസർ; ഇംഗ്ലീഷ് സാഹിത്യത്തിലെ പാണ്ഡിത്യം അവളെ ക്യാമ്പസിൽ ഒരു 'മായ ടീച്ചർ' ആക്കി നിർത്തി.
പക്ഷേ, ഫ്ലാറ്റിലെ ഈ ചുവരുകൾക്കുള്ളിൽ, ചിരിയുടെ മറുപാതിക്ക് കാതോർക്കുന്ന, ഭർത്താവില്ലാത്ത, അമ്മയില്ലാത്ത, ഒരു പാവം സ്ത്രീ മാത്രമായിരുന്നു അവൾ.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ക്ലാസ് റൂമിലെ കട്ടിയുള്ള പുസ്തകങ്ങൾക്കിടയിലും, അവളുടെ ഏകാന്തമായ ഇടനാഴികളിലും ഒരു നിഴൽ അവളെ പിന്തുടരുന്നതായി അവൾക്ക് തോന്നിയിരുന്നു.
ആ നിഴലിന്, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അദ്വൈതിന്റെ മുഖമായിരുന്നു. അവന് 20 വയസ്സേ ഉള്ളൂ. കവിളുകളിലെ കറുത്ത പാടുകൾ അവന്റെ ചിരിയിൽ തെളിഞ്ഞു നിന്നു.
ക്ലാസ്സിൽ, ഏറ്റവും പുറകിലെ ബെഞ്ചിൽ, ലോകത്തിലെ ഒരു കാര്യത്തിലും താൽപ്പര്യമില്ലാത്തവനെ പോലെ ഇരിക്കുമെങ്കിലും, അവന്റെ കണ്ണുകൾ എപ്പോഴും മായയുടെ ചുണ്ടുകളിലായിരിക്കും. അവൾ ഒരു വാക്ക് സംസാരിക്കുമ്പോൾ, അവൻ അത് ശ്രദ്ധിക്കുന്നത് വെറുമൊരു വിദ്യാർത്ഥിയെന്ന നിലയിലായിരുന്നില്ല; അവളിൽ നിന്നും എന്തോ ഒരന്വേഷണം നടത്തുന്നവനെ പോലെ ആയിരുന്നു.
അവളിലെ പ്രൊഫസറെ അവൻ നോക്കാറില്ല, അവളിലെ സ്ത്രീയെയാണ് അവൻ വായിക്കാൻ ശ്രമിക്കുന്നത് എന്ന് മായ അറിയുന്നുണ്ടായിരുന്നു. അത് അവൾക്ക് ഒരേ സമയം അസ്വസ്ഥതയും, വളരെക്കാലത്തിന് ശേഷം ലഭിക്കുന്ന ഒരനുഭവത്തിന്റെ ആകാംഷയും നൽകി.
അന്ന് വൈകുന്നേരം നാല് മണി. യൂണിവേഴ്സിറ്റി ലൈബ്രറിയിലെ തിരക്കൊഴിഞ്ഞ കോർണറിൽ മായ തന്റെ തീസിസിനായുള്ള റഫറൻസ് ബുക്കുകൾ തിരയുകയായിരുന്നു.
പെട്ടെന്ന്, അവളുടെ പിന്നിൽ ഒരു ശബ്ദം..
"ടീച്ചർ, ആ പുസ്തകത്തിന് മുകളിൽ വെളിച്ചം കുറവാണ്. ഞാൻ എടുത്തു തരാം..."
അവൾ ഞെട്ടി തിരിഞ്ഞു നോക്കി.
അദ്വൈത്. അവൻ ലൈബ്രറിയിലെ കമ്പ്യൂട്ടറിൽ എന്തോ തിരയുകയായിരുന്നുവെന്ന് തോന്നുന്നു. അവൾ കൈ വെച്ച പുസ്തകങ്ങൾ കൃത്യമായി അവൻ കാണുന്നുണ്ടായിരുന്നു.
മായയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അത് പ്രൊഫസറുടെ ചിരിയല്ലായിരുന്നു, ഒരുതരം സൗഹൃദത്തിന്റെ നേർമ്മ അതിലുണ്ടായിരുന്നു.
"ഓ, അദ്വൈത് ആയിരുന്നോ. ഞാൻ വേറെ ഏതോ ലോകത്തായിരുന്നു."
അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം ആഴ്ന്നിറങ്ങി.
"അറിയാം ടീച്ചർ. ഒറ്റയ്ക്കിരിക്കുമ്പോൾ എല്ലാവരും അങ്ങനെയൊക്കെയായിരിക്കും."
മായയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. ഈ കുട്ടിക്ക് എങ്ങനെ എന്റെ മനസ്സ് വായിക്കാൻ കഴിയുന്നു?
"നിനക്കെന്തറിയാം അദ്വൈത്, ഒറ്റയ്ക്കിരിക്കുന്നതിനെ കുറിച്ച്?" അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,
പക്ഷേ ആ ചിരിയിൽ ഒരു നനവുണ്ടായിരുന്നു. അവൻ ആ ചോദ്യത്തെ തട്ടിമാറ്റിയില്ല.
"ഞാനത് അനുഭവിച്ചിട്ടുണ്ട്, ടീച്ചർ. ക്ലാസ്സിൽ ഞാനൊരു തമാശക്കാരനാണ്. പക്ഷേ എന്റെ വീട്ടിലെ ചുവരുകൾക്ക് ഞാനൊരു ദുഃഖിതനാണ്."
മായ ബുക്കുകൾ മേശപ്പുറത്തേക്ക് വെച്ച് അവനെ നോക്കി. ആ നിമിഷം, അവൾ അധ്യാപികയല്ലായിരുന്നു.
അവൾ അവന്റെ സങ്കടങ്ങളെ കേൾക്കാൻ തയ്യാറുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു.
"ഇരിക്ക്, അദ്വൈത്."
അവൻ അവളുടെ അടുത്ത് കസേര വലിച്ചിട്ട് ഇരുന്നു. ചുറ്റും ആരുമില്ല. പുസ്തകങ്ങളുടെ ഗന്ധം മാത്രം.
"എന്താ നിന്റെ പ്രശ്നം? വീട്ടിൽ..." മായ മൃദുവായി ചോദിച്ചു.
"പ്രശ്‌നമൊന്നുമില്ല, ടീച്ചർ. പക്ഷേ, ആരും ശ്രദ്ധിക്കാനില്ല. എന്നെ പോലെ മറ്റൊരാൾ അവിടെയുണ്ടെങ്കിൽ ഞാനൊരുപാട് സംസാരിച്ചേനെ. ഞാൻ ഒരുപാട് ചിരിച്ചേനെ. ടീച്ചറെ കാണുമ്പോൾ എനിക്കങ്ങനെ തോന്നാറുണ്ട്."
"എന്നെ കാണുമ്പോൾ?" മായ കൗതുകത്തോടെ ചോദിച്ചു.
"ടീച്ചർ ചിരിക്കുമ്പോൾ ആ ചിരി കണ്ണിൽ എത്തുന്നില്ല. ടീച്ചറുടെ ചിരി ഒരു പ്രതിരോധമാണ്. ആരെയും അടുപ്പിക്കാതിരിക്കാനുള്ള ഒരു കട്ടിയുള്ള മതിൽ. അതുകൊണ്ട് തന്നെ, ടീച്ചർ തനിച്ചാണെന്ന് എനിക്ക് തോന്നി."
മായയുടെ ഉള്ളൊന്ന് നീറി. രണ്ട് വർഷമായി അവൾ കെട്ടിപ്പടുത്ത പ്രതിരോധമായിരുന്നു അവൻ ഒറ്റവാക്കിൽ തകർത്തത്. മറ്റൊരാളും ഇത് ശ്രദ്ധിച്ചിട്ടില്ല. തന്റെ മുൻ ഭർത്താവു പോലും.
"നീയൊരുപാട് ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നെ," മായ മെല്ലെ പറഞ്ഞു.
ശബ്ദത്തിൽ നേരിയ വിറയലുണ്ടായിരുന്നു.
അദ്വൈത് അവളെ നോക്കി തലയാട്ടി. അവന്റെ കണ്ണുകളിൽ ഭയമോ, ഒളിപ്പിച്ചു വെക്കാനുള്ള ശ്രമമോ ഉണ്ടായിരുന്നില്ല. തെളിഞ്ഞ പ്രണയം മാത്രം.
"ശ്രദ്ധിക്കാതിരിക്കാൻ പറ്റുന്നില്ല ടീച്ചർ. ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുമ്പോൾ, ഞാൻ സാഹിത്യമൊന്നും ശ്രദ്ധിക്കാറില്ല. ടീച്ചറുടെ കൈ ചലിക്കുന്നത്, മുടി ഒതുക്കുന്നത്, വാചകങ്ങൾക്കിടയിലെ നിശ്ശബ്ദത... അതെല്ലാം ഒരൊറ്റ കവിതയാണ്."
മായയുടെ മുഖം ചുവന്നു. ഈ തുറന്നു പറച്ചിൽ അവൾക്ക് പുതിയതായിരുന്നു.
"അദ്വൈത്, നീ സംസാരിക്കുന്നത് ഒരു വിദ്യാർത്ഥി സംസാരിക്കുന്നതു പോലെയല്ല. ഇതിനൊരു അതിരുണ്ട്." അവൾ പറഞ്ഞു.
അവൻ ശാന്തനായി ചിരിച്ചു.
"എനിക്കറിയാം ടീച്ചർ, എനിക്ക് 20 വയസ്സുണ്ട്. അതിരുകൾ എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, എന്റെ മനസ്സ് ആ അതിരുകൾ ലംഘിക്കാൻ എന്നോട് പറയുന്നു. ഞാൻ ടീച്ചറെ സ്നേഹിക്കുന്നു."
ആ വാക്ക് ലൈബ്രറിയുടെ നിശ്ശബ്ദതയിൽ ഒരു ഇടിമുഴക്കം പോലെ മുഴങ്ങി. മായ കണ്ണുകൾ വലുതാക്കി അവനെ നോക്കി. അവളുടെ ഹൃദയം പേടിച്ച് വിറയ്ക്കാൻ തുടങ്ങി.
"നീ... നീയെന്താണ് ഈ പറയുന്നത്? നിനക്കെന്താ പറ്റിയത്? നമ്മൾ അധ്യാപകരും വിദ്യാർത്ഥികളുമാണ്. പോ! ഇനി ഇവിടെ ഇരിക്കരുത്." മായയുടെ ശബ്ദം ദേഷ്യത്തിലും ഭയത്തിലും ഇടറി.
അവന്റെ മുഖത്തെ ചിരി മാഞ്ഞു. അവന്റെ കണ്ണുകൾക്ക് മുൻപിൽ അവൾ ഒരു കുട്ടിയെ പോലെയായി.
"ഞാൻ പോവില്ല, ടീച്ചർ. കാരണം, ഞാൻ പോയാൽ ടീച്ചർ വീണ്ടും ആ പഴയ ഏകാന്തതയിലേക്ക് വീഴും. ഡിവോഴ്സായെന്ന് എനിക്കറിയാം. ടീച്ചറുടെ സങ്കടം എനിക്കറിയാം. അതു കൊണ്ടാണ് ഞാൻ ചോദിക്കുന്നത്, എന്റെ സ്നേഹം ടീച്ചർക്ക് ഒരു ഭാരമാകില്ല. എനിക്ക് ടീച്ചറുടെ മറുപാതിയാകാൻ പറ്റുമോ എന്നെനിക്കറിയില്ല. പക്ഷേ, ഈ ഒറ്റപ്പെട്ട യാത്രയിൽ ഒരൽപ്പം വെളിച്ചമാകാൻ ഞാൻ തയ്യാറാണ്."
അവൻ എഴുന്നേറ്റു.
മായ പ്രതികരിച്ചില്ല. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, പ്രതിരോധിക്കാൻ കഴിയാതെ.
"ടീച്ചർ വിഷമിക്കേണ്ട. ഞാനിപ്പോൾ പോവുകയാണ്. ഇനിയൊരിക്കലും ടീച്ചറുടെ ക്ലാസ്സ് മുറിയിൽ ഞാൻ അനാവശ്യമായി ഇടപെടില്ല. പക്ഷേ, ടീച്ചർ ഓർക്കുക: ഈ യൂണിവേഴ്സിറ്റി ക്യാമ്പസിലെ, 35 വയസ്സുള്ള മായ ടീച്ചറെ അല്ല ഞാൻ സ്നേഹിക്കുന്നത്. ഈ ഏകാന്തതയിൽ നിന്നും പറന്നു പോകാൻ കൊതിക്കുന്ന, 35 വയസ്സുള്ള ഒരു സ്ത്രീയെയാണ്."
അവൻ തിരിഞ്ഞു നടന്നു.
ലൈബ്രറിയുടെ വാതിൽക്കൽ വെച്ച് ഒരു നിമിഷം നിന്നു, തിരിഞ്ഞു നോക്കി.
"ടീച്ചറുടെ പുസ്തകങ്ങൾ ഞാൻ അടുക്കി വെച്ചിട്ടുണ്ട്. ശ്രദ്ധിക്കണം."
എന്നിട്ട് അവൻ പുറത്തേക്ക് പോയി.
മായ ഒരു ശിലപോലെ അവിടെ ഇരുന്നു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നെഞ്ചിലെ ഭയം കുറഞ്ഞപ്പോൾ, ഒരു മധുരമായ അനുഭൂതി അവളുടെ സിരകളിലൂടെ പടർന്നു കയറാൻ തുടങ്ങി.
വർഷങ്ങളായി അവൾ കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നു അത്.
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മുഴങ്ങി...
"ഈ ഒറ്റപ്പെട്ട യാത്രയിൽ ഒരൽപ്പം വെളിച്ചമാകാൻ ഞാൻ തയ്യാറാണ്."
ഇനി എങ്ങനെ അവനെ കാണും? അവൾക്ക് പേടിയുണ്ടായിരുന്നു.
പക്ഷേ, ആ പേടിയേക്കാൾ വലുത്, ഈ ജീവിതത്തിൽ തന്നെ തേടി വന്ന ഒരദ്ഭുതത്തെ നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു.
ലൈബ്രറിയിലെ ആ തുറന്നു പറച്ചിലിനു ശേഷം അടുത്ത ഒരാഴ്ച മായ ടീച്ചറിന് തീയായിരുന്നു. കോളേജ് ക്യാമ്പസിലെ വരാന്തകളിലും ക്ലാസ് മുറികളിലും അവൾ അദ്വൈതിനെ കണ്ടുമുട്ടിയെങ്കിലും, ഒരു പ്രൊഫസറുടെ കർശനമായ മുഖംമൂടി അണിഞ്ഞ് അവൾ അവനെ പൂർണ്ണമായും അവഗണിച്ചു.
പക്ഷേ, അവളുടെ മനസ്സിൽ, അവന്റെ വാക്കുകൾ ഒരു തുമ്പിയെ പോലെ പറന്നു നടന്നു. '35 വയസ്സുള്ള ഒരു സ്ത്രീയെയാണ് ഞാൻ സ്നേഹിക്കുന്നത്...' ആ ആത്മാർത്ഥമായ വെളിപ്പെടുത്തൽ അവളുടെ ഹൃദയത്തിലെ ഉറഞ്ഞ മഞ്ഞിനെ മെല്ലെ ഉരുക്കിക്കളയാൻ തുടങ്ങി.
ക്ലാസ്സിൽ, അദ്വൈത് ശാന്തനായിരുന്നു. അവന്റെ കണ്ണുകൾ പഴയ പോലെ അവളെ പിന്തുടർന്നില്ല. എങ്കിലും, എങ്ങനെയോ അവൾക്ക് തോന്നി, അവൻ അവളെ കാത്തിരിക്കുന്നുണ്ട് എന്ന്. അവൾ പ്രതികരിക്കാൻ വേണ്ടി അവൻ കാത്തിരിക്കുന്നു.
ഒരു ശനിയാഴ്ച. കോളേജിന് അവധിയാണ്. മായ ഫ്ലാറ്റിലിരുന്ന് ഒരു പഴയ നോവൽ വായിക്കുകയായിരുന്നു. ഭർത്താവിൻ്റെ ഓർമ്മകളുള്ള പഴയ വീട്ടിൽ നിന്ന് ഇങ്ങോട്ട് മാറിയ ശേഷം, വീടിന് അലങ്കാരമായ കർട്ടനുകളും ചുവരുകളും പോലും അവൾക്ക് പുതിയതായിരുന്നു. ഈ ഒറ്റമുറി ലോകം അവൾക്ക് സൗകര്യ പ്രദമായിരുന്നെങ്കിലും, ഇവിടെ അവൾക്ക് സംസാരിക്കാൻ ആരുമില്ലായിരുന്നു. പെട്ടെന്ന് ഫോൺ ശബ്ദിച്ചു. അപരിചിതമായ ഒരു നമ്പർ.
അവൾ സംശയത്തോടെ ഫോണെടുത്തു. "ഹലോ?" പറഞ്ഞു.
മറുതലയ്ക്കൽ, പതിഞ്ഞ ഒരു ശബ്ദം: "ടീച്ചർ, ഞാനാണ്... അദ്വൈത്."
അവളുടെ നെഞ്ചിൽ പെട്ടെന്ന് ഒരു താളപ്പിഴ സംഭവിച്ചു.
"അദ്വൈതോ? നിനക്കെവിടുന്നാ എൻ്റെ നമ്പർ കിട്ടിയത്? നീ എന്തിനാണ് വിളിക്കുന്നത്?" അവളുടെ ശബ്ദം രോഷത്തിൽ കട്ടിയായി.
"സോറി ടീച്ചർ, ടീച്ചർ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും, എനിക്കിത് ചെയ്യേണ്ടി വന്നു. എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ തിങ്കളാഴ്ചയേ കോളേജിൽ വരുന്നുള്ളൂ. അതുവരെ ടീച്ചർക്ക് ബുദ്ധിമുട്ടിക്കാനോ, ടീച്ചറുടെ ദേഷ്യം കേൾക്കാനോ ഞാൻ താൽപ്പര്യപ്പെടുന്നില്ല. പക്ഷേ, ടീച്ചറെന്നെ കേൾക്കണം. ലൈബ്രറിക്ക് അടുത്ത് ഒരു കോഫി ഷോപ്പുണ്ട്. 'കപ്പയും കവിതയും.' ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ടീച്ചർക്ക് സൗകര്യമുണ്ടെങ്കിൽ..." അവൻ പറഞ്ഞു നിർത്തി.
"ഇല്ല!" മായ ദേഷ്യത്തോടെ പ്രതികരിച്ചു, "എനിക്കതിന് താൽപര്യമില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഞാൻ പ്രിൻസിപ്പാളിനോട് സംസാരിക്കും."
"സംസാരിച്ചോളൂ ടീച്ചർ. അതിനു മുമ്പ് ഒരഞ്ചു മിനിറ്റ്... ഈ അദ്വൈത് എന്തു കൊണ്ടാണ് ടീച്ചറുടെ പിന്നാലെ വരുന്നതെന്ന് കേൾക്കണം. അതിനു ശേഷം ടീച്ചർക്ക് എന്ത് ശിക്ഷ വേണമെങ്കിലും തരാം. ഒരു കോഫിയുടെ ചിലവ് മാത്രമേയുള്ളൂ ടീച്ചർക്ക്..." അവൻ്റെ ശബ്ദത്തിൽ അടിയറവ് പറയലിന്റെ സ്വരമുണ്ടായിരുന്നു.
"അഞ്ചരക്ക് ഞാൻ അവിടെ ഉണ്ടാകും. ടീച്ചർ വരും എന്ന് വിശ്വസിക്കുന്നു." അവൻ ഫോൺ വെച്ചു.
മായ സ്തംഭിച്ചിരുന്നു. ആ ശബ്ദത്തിലെ ദൃഢത അവളെ അമ്പരപ്പിച്ചു. അവൾക്ക് ദേഷ്യം വന്നില്ല; അവൾക്ക് അവനോട് ഒരുതരം അലിവ് തോന്നി.
സമയം 4.45 PM. മായ കണ്ണാടിക്ക് മുന്നിൽ നിന്നു. വർഷങ്ങളായി അടുക്കി വെച്ച സാരികളാണ് അവൾ എപ്പോഴും ധരിക്കാറ്. ഇന്നും അതു പോലെ തന്നെ, ഒരു കറുത്ത കരയുള്ള വെള്ള കോട്ടൺ സാരി ധരിച്ചു. പക്ഷേ ഇന്ന്, മുമ്പ് ചെയ്യാത്തതു പോലെ, കൺമഷി എഴുതി, നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ട് തൊട്ടു. അവൾ സ്വയം ചോദിച്ചു:
'ഞാനെന്തിനാണ് അങ്ങോട്ട് പോകുന്നത്? ഒരു വിദ്യാർത്ഥിയുടെ ഭ്രാന്ത് കേൾക്കാനോ?'
ഉടനെ മറുപടി കിട്ടി...
'അല്ല. വർഷങ്ങളായി കല്ലിച്ചു പോയ നിന്റെ ഹൃദയം, ആദ്യമായി ഒരാൾ അത്ര ആത്മാർത്ഥമായി വിളിക്കുമ്പോൾ, നിനക്ക് പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല.'
5.20 PM ന് മായ കോഫി ഷോപ്പിലെത്തി. അവൾ പ്രതീക്ഷിച്ചതു പോലെ അവൻ അവിടെയുണ്ടായിരുന്നു. ഒരൽപ്പം പേടിയോടെ, പ്രതീക്ഷയോടെ, ഒരു കഫേയുടെ മൂലയിലിരുന്ന് പുറത്തേക്ക് നോക്കുന്ന ഒരു ചെറുപ്പക്കാരൻ. അവൻ്റെ കണ്ണിൽ പ്രണയം മാത്രമല്ല, ഒരു ബഹുമാനം ഉണ്ടെന്ന് അവൾ ശ്രദ്ധിച്ചു.
അവൾ അവൻ്റെ അടുത്തേക്ക് നടന്നു.
"അദ്വൈത്. നീയെന്താണ് എന്നെക്കൊണ്ട് ഈ ചെയ്യിക്കുന്നത്?"
അവൻ എഴുന്നേറ്റു,
"ടീച്ചർ വന്നതിന് ഒരുപാട് നന്ദിയുണ്ട്. ഇരിക്കൂ."
അവൾ ഇരുന്നു. അവൾക്ക് ചുറ്റും തിരക്കില്ല.
"ടീച്ചറിനൊരു കാപ്പി?"
"വേണ്ട. വേഗം കാര്യം പറയൂ."
അവളുടെ ശബ്ദത്തിൽ അപ്പോഴും ഗൗരവം വിട്ടു പോയിരുന്നില്ല.
"ഞാൻ അധികം സംസാരിച്ച് ടീച്ചറെ ബുദ്ധിമുട്ടിക്കുന്നില്ല," അവൻ തുടങ്ങി. "ടീച്ചർക്ക് അറിയാമല്ലോ, ഞാനെൻ്റെ വീട്ടിലെ ഏകമകനാണ്. അമ്മയ്ക്ക് എന്നെപ്പറ്റി നല്ല പേടിയാണ്. കോളേജിൽ ഞാൻ ചിരിച്ചും കളിച്ചും നടക്കും. പക്ഷേ വീട്ടിൽ വന്ന് കതകടച്ചാൽ, എനിക്കൊരു കൂട്ടുകാരനില്ല. ടീച്ചറുടെ വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ച് കോളേജിൽ ചില അടക്കം പറച്ചിലുകൾ ഞാൻ കേട്ടിട്ടുണ്ട്. അന്ന് മുതൽ എൻ്റെ ശ്രദ്ധ ടീച്ചറിലായിരുന്നു. എൻ്റെ അതേ ഏകാന്തത ടീച്ചറുടെ കണ്ണിലുമുണ്ട്."
മായയുടെ കണ്ണ് നിറഞ്ഞു. അവൻ തൊട്ടറിഞ്ഞത് അവളുടെ ഏറ്റവും വലിയ രഹസ്യമായിരുന്നു.
"ടീച്ചറുടെ ക്ലാസ്സിൽ ഞാനൊരു ദിവസം പെട്ടെന്ന് തലകറങ്ങി വീണു പോയി. ആരും ശ്രദ്ധിക്കാതെ ഇരുന്ന എന്നെ, ടീച്ചർ സ്വന്തം കാറിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടു പോയി. എനിക്ക് വേണ്ടി ഒരു മണിക്കൂർ അവിടെ കാത്തിരുന്നു. അന്നു മുതൽ, ടീച്ചർ എനിക്ക് വെറുമൊരു പ്രൊഫസറല്ല. നഷ്ടപ്പെട്ട എൻ്റെ ഒരുപാട് കാര്യങ്ങളുടെ താങ്ങ് ടീച്ചറാണ്."
അവൻ്റെ ശബ്ദം ഇടറി. മായ കസേരയിൽ ചാരിയിരുന്നു.
"എനിക്കറിയാം ടീച്ചർ, എൻ്റെ പ്രായം, ടീച്ചറുടെ പദവി... അതൊക്കെ ഒരു പ്രശ്നമാണ്. സമൂഹം അംഗീകരിക്കില്ല. ഞാനത് പൂർണ്ണമായും മനസ്സിലാക്കുന്നു. പക്ഷേ..." അവൻ മായയുടെ കണ്ണുകളിലേക്ക് നോക്കി. "ഈ ലോകത്ത് ഒരുപാട് ആളുകൾ ജീവിക്കുന്നത് സമൂഹം അംഗീകരിക്കുന്നതു പോലെയാണ്. പക്ഷേ, ഞങ്ങൾ... ഞാൻ ടീച്ചർക്ക് ഒരു കൂട്ടുകാരനാകാം. ഈ ഏകാന്ത യാത്രയിൽ, ടീച്ചർക്ക് ആരുമില്ലെന്ന് തോന്നുമ്പോൾ, വിളിച്ച് സംസാരിക്കാൻ ഒരിടം. ഞാൻ പഠിക്കാൻ വന്നതാണ്. അത് ഞാൻ ചെയ്യും. ടീച്ചർക്ക് ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടാക്കില്ല. പക്ഷേ, എൻ്റെ മനസ്സ് ടീച്ചറെ സ്നേഹിച്ചു പോയി. എനിക്കിത് മറക്കാൻ കഴിയില്ല."
മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ദേഷ്യം, സങ്കടം, ആശ്വാസം... എല്ലാം കൂടി അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
"അദ്വൈത്..." അവൾ താഴ്ന്ന സ്വരത്തിൽ വിളിച്ചു.
"ടീച്ചറിനറിയാമോ," അവൻ തുടർന്നു, "ഞാൻ ദിവസവും രാത്രി ടീച്ചറുടെ ഫ്ലാറ്റ് കാണാൻ വേണ്ടി താഴെ റോഡിൽ കാത്തു നിൽക്കാറുണ്ട്. ആ ലൈറ്റ് അണഞ്ഞാൽ എനിക്കുറങ്ങാം."
ഈ വെളിപ്പെടുത്തൽ അവളെ ഞെട്ടിച്ചു. അവൻ്റെ സ്നേഹം എത്ര ആഴത്തിലുള്ളതാണെന്ന് അവൾക്ക് മനസ്സിലായി.
"മതി! നിർത്ത്! നീയെന്തിനാണ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?" മായ ടേബിളിൽ കൈവെച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു.
"വിഷമിപ്പിക്കാനല്ല ടീച്ചർ. സ്നേഹിക്കാൻ വേണ്ടിയാണ്." അവൻ അവളുടെ കയ്യിൽ പതുക്കെ സ്പർശിച്ചു.
ആ സ്പർശം തൂമഞ്ഞിലെ കിന്നാരസ്പർശം പോലെയായിരുന്നു. തണുപ്പുള്ളതും, എന്നാൽ പൊള്ളുന്നതും.
അവൾ പെട്ടെന്ന് കൈ പിൻവലിച്ചു.
"ഇനി നമ്മൾ കാണരുത്. എൻ്റെ ജീവിതം നശിപ്പിക്കരുത്, അദ്വൈത്. ഞാൻ... ഞാൻ നിൻ്റെ ടീച്ചറാണ്."
"ഞാനിപ്പോൾ പോവുകയാണ്, ടീച്ചർ. ഈ കോഫി എൻ്റെ സമ്മാനമായി കരുതിക്കോളൂ," അവൻ പറഞ്ഞു. "ഞാനിപ്പോൾ പോകും. പക്ഷേ, എൻ്റെ ഹൃദയം ടീച്ചറുടെ അടുത്തുണ്ട്. ഒരു കപ്പ് കാപ്പിയിൽ കുറച്ച് സ്നേഹമുണ്ട്. അത് ടീച്ചർ കുടിച്ച് കഴിഞ്ഞാൽ... ഒരു മെസ്സേജ് അയക്കണം. 'നന്ദി' എന്ന് മാത്രം. അതിന് വേണ്ടി ഞാൻ കാത്തിരിക്കും. അത് മതി എനിക്ക്."
അവൻ എഴുന്നേറ്റു, ചിരിച്ചു. ആ ചിരിയിൽ ഒരു പക്വതയുണ്ടായിരുന്നു. മായയുടെ പ്രതികരണം കാത്തു നിൽക്കാതെ അവൻ നടന്നു നീങ്ങി.
മായ ടേബിളിൽ വെച്ച കാപ്പിയിലേക്കും, അവൻ പോയ വഴികളിലേക്കും മാറി മാറി നോക്കി. അവളുടെ മനസ്സിൽ യുദ്ധമായിരുന്നു. ഈ സ്നേഹം സ്വീകരിക്കണോ? അതോ, തൻ്റെ പദവിയുടെ അതിർവരമ്പുകൾക്കുള്ളിൽ സ്വയം ഒതുങ്ങണോ?
കാപ്പിക്ക് നല്ല ചൂടുണ്ടായിരുന്നു. അവൾ സാവധാനം ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ചു. അപ്പോഴേക്കും പുറത്ത് നേരം ഇരുണ്ടിരുന്നു. ആ കാപ്പിയുടെ രുചി, അവൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരടുപ്പത്തിൻ്റേതായിരുന്നു.
അവൾ ഫോണെടുത്തു, അവൻ്റെ നമ്പറിലേക്ക് ഒരു സന്ദേശം ടൈപ്പ് ചെയ്തു: നന്ദി.
ആ നിമിഷം, അവൾ അറിയാതെ തന്നെ തൻ്റെ ലോകത്തേക്ക് അവനെ ക്ഷണിക്കുകയായിരുന്നു.
'നന്ദി' എന്ന ഒരൊറ്റ വാക്ക് മായയുടെ മൊബൈൽ സ്‌ക്രീനിൽ നിന്ന് പുറപ്പെട്ട് അദ്വൈതിൻ്റെ ഫോണിലെത്തിയപ്പോൾ, അവനിലെ വിദ്യാർത്ഥിത്വം അവിടെ അവസാനിച്ചു. അവൻ്റെ കണ്ണിൽ തിളങ്ങിയത്, ഒരു ദുർഘടമായ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഒരു യാത്രികൻ്റെ നിശ്ചയദാർഢ്യമായിരുന്നു.
ആ രാത്രി അവൻ ഉറങ്ങിയില്ല. താൻ പ്രണയിച്ച സ്ത്രീ, തൻ്റെ അധ്യാപിക, തന്നേ ക്കാളും 15 വയസ്സ് അധികമുള്ളവൾ... തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു!
അതേ സമയം, മായയുടെ ഫ്ലാറ്റിൽ ആ 'നന്ദി' ഒരു പശ്ചാത്താപമായിരുന്നില്ല, മറിച്ച് ഒരു തരം സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. എത്രനാൾ ഇങ്ങനെ സമൂഹത്തിൻ്റെ കണ്ണുകൾക്ക് മുന്നിൽ തൻ്റെ വികാരങ്ങളെ ഒളിച്ചുവെക്കും? ഡിവോഴ്സിന് ശേഷം, അവൾക്ക് നഷ്ടപ്പെട്ടത് ഒരു ഭർത്താവിനെ മാത്രമല്ല, ഒരു സ്ത്രീക്ക് പ്രകൃതിയാൽ ലഭിക്കേണ്ട കരുതലിൻ്റെയും സ്നേഹത്തിൻ്റെയും തലോടലുകളായിരുന്നു.
അവൾ ഫോൺ എടുത്ത് വീണ്ടും ആ 'നന്ദി' എന്ന സന്ദേശം വായിച്ചു. അത് അവന് നൽകിയ ഒരു അനുമതി ആയിരുന്നു.
അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു. പ്രതീക്ഷിച്ചത് പോലെ അത് അദ്വൈത് ആയിരുന്നു. പെട്ടെന്ന് അവളിലേക്ക് എന്തോ ഒരു മാസ്മരിക ശക്തി കടന്നു വരുന്നതായി തോന്നി.
"നന്ദി ടീച്ചർ. സന്തോഷം കൊണ്ട് എനിക്ക് ഇന്ന് ഉറങ്ങാൻ കഴിയില്ല. ടീച്ചറെ ബുദ്ധിമുട്ടിക്കാനല്ല, ടീച്ചറുടെ ഉറക്കത്തിന് ഞാനൊരു കാവലാളാവാം. പുറത്ത് തണുപ്പുണ്ട്. ടീച്ചർ ജനലടച്ചോളൂ."
മായ ചിരിച്ചുപോയി. അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു പ്രൊഫസറുടെ പക്വത മുഴുവൻ ആ ചിരിയിൽ ഒലിച്ചുപോയി. അവൻ്റെ തമാശ!
ഉടനെ അവൾ മറുപടി അയച്ചു.
"നീയിപ്പോഴും പുറത്തുണ്ടോ?"
"ഇല്ല ടീച്ചർ. അത്ര ഭ്രാന്തില്ല. പക്ഷേ, ടീച്ചർ മെസ്സേജ് അയച്ച ആ നിമിഷം... ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ടീച്ചർ ഒറ്റക്കാണെന്ന തോന്നൽ മാറ്റാൻ വേണ്ടിയാണ് ഞാൻ വിളിച്ചതും മെസ്സേജ് അയച്ചതും. എനിക്ക് വേണ്ടി ടീച്ചർ ഒരുങ്ങുകയും, കാപ്പി കുടിക്കുകയും, എന്നോട് സംസാരിക്കാൻ തയ്യാറാവുകയും ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. അത്രയേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ." അദ്വൈത് പറഞ്ഞു.
അവൻ്റെ വാക്കുകളിൽ ഒരു ഭീഷണിയോ, നിർബന്ധിക്കലോ ഉണ്ടായിരുന്നില്ല. ശുദ്ധമായ ആരാധന മാത്രം.
"എനിക്ക് പേടിയുണ്ട്, അദ്വൈത്. നമ്മുടെ ബന്ധം... ഇത് ആരെങ്കിലും അറിഞ്ഞാൽ..." മായ അർദ്ധോക്തിയിൽ നിർത്തി.
"ആരും അറിയില്ല ടീച്ചർ. ഞാൻ ടീച്ചറെ കാണുന്നത്, ക്ലാസ് വിട്ട് ഒരു മണിക്കൂറിന് ശേഷം, ലൈബ്രറിക്ക് അടുത്തുള്ള, അധികം ആരുമില്ലാത്ത ആ കഫെയിൽ മാത്രം. അല്ലെങ്കിൽ മെസ്സേജിലൂടെ മാത്രം. ഞാൻ ടീച്ചറുടെ വിദ്യാർത്ഥിയാണ്. ആ പരിധി ഞാനൊരിക്കലും ലംഘിക്കില്ല. എങ്കിലും, ടീച്ചറെ വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ഒന്ന് പുറത്തു വരാൻ വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ടീച്ചറുടെ ജീവിതം എൻ്റെ കയ്യിൽ ഭദ്രമായിരിക്കും." അദ്വൈത് അറിയിച്ചു.
ആ വാക്കുകൾ മായക്ക് നൽകിയത് ഒരു വലിയ ആശ്വാസമായിരുന്നു. ഒരാൾക്ക് തന്നോട് ഇത്രയും കരുതൽ ഉണ്ടാകുമോ? സ്വന്തം ഭർത്താവ് പോലും നൽകിയിട്ടില്ലാത്ത ഒരുതരം വൈകാരികമായ സുരക്ഷിതത്വം അവളിൽ അദ്വൈത് ഉണ്ടാക്കി.
"ശരി. നമ്മൾ തിങ്കളാഴ്ച കോളേജിൽ വെച്ച് കാണും. മറ്റ് സംഭാഷണങ്ങൾ മെസ്സേജിൽ മതി. എൻ്റെ ഉറക്കം കളയരുത്." മായ അല്പം ഗൗരവം നടിച്ചു കൊണ്ടു പറഞ്ഞു.
"വാക്ക് തരുന്നു ടീച്ചർ. ശുഭരാത്രി." അദ്വൈത് മൊഴിഞ്ഞു.
മായ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അവൾക്ക് പെട്ടെന്ന് മുറിയിൽ വെളിച്ചം കൂടിയതു പോലെ തോന്നി. തൻ്റെ ഏകാന്തതയുടെ ചുവരുകളിൽ ഒരു നക്ഷത്രത്തിൻ്റെ തിളക്കം അവൾ കണ്ടു. അവൾ പുതച്ചു മൂടി കിടന്നു. വർഷങ്ങൾക്ക് ശേഷം ആദ്യമായി, അവൾക്ക് ഒരു പേടിയുമില്ലാതെ ഉറങ്ങാൻ കഴിഞ്ഞു.
പിറ്റേന്ന്, ഞായറാഴ്ച. മായ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലിരുന്ന് പുസ്തകം വായിക്കുമ്പോൾ, അവളുടെ ഫോൺ നിർത്താതെ ശബ്ദിച്ചു.
"ഞാൻ വിളിച്ചാൽ ടീച്ചർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ, ഒരു പുസ്തകത്തെ കുറിച്ച് സംസാരിക്കാൻ വിളിക്കാമോ? ഇന്നലെ ടീച്ചർ വായിച്ച പുസ്തകത്തെ കുറിച്ച്. ഞാൻ ലൈബ്രറിയിൽ നിന്നും അത് എടുത്തു." അദ്വൈത് മെസ്സേജിലൂടെ ചോദിച്ചു.
മായ ചിരിച്ചു. എത്ര മനോഹരമായാണ് അവൻ തൻ്റെ അതിരുകൾ ഭേദിക്കാൻ ശ്രമിക്കുന്നത്!
അവൾ ഫോണെടുത്തു, അവനെ തിരികെ വിളിച്ചു.
"നീ വായിച്ചോ ആ പുസ്തകം? 'പഴയ നിയമം' എന്ന നോവലാണ് ഞാൻ വായിക്കുന്നത്. അത് നിനക്ക് മനസ്സിലാകുമോ?" മായ ഗൗരവത്തിൽ ചോദിച്ചു.
"ഞാൻ അത് മുഴുവൻ വായിച്ചില്ല ടീച്ചർ. പക്ഷേ, അതിലെ ഒരു വാചകം എൻ്റെ ഹൃദയം തകർത്തു... 'സത്യം പറഞ്ഞാൽ, എൻ്റെ ആരും ഞാൻ ഒറ്റക്കിരിക്കുമ്പോൾ എന്നെക്കുറിച്ച് ഓർത്തിട്ടില്ല.' ഇത് എഴുതിയത്, ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥയാണോ?" അവൻ ചോദിച്ചു.
മായയുടെ കയ്യിലെ പുസ്തകം താഴെ വീണു. അവൻ തൻ്റെ ഹൃദയം തന്നെയാണ് തുറന്നു വെച്ച് സംസാരിക്കുന്നത്!
"അദ്വൈത്! നീ... നീ ഒരുപാട് വായിക്കുന്ന കുട്ടിയാണല്ലേ?" അവൾ ചോദിച്ചു.
"ഞാൻ വായിക്കുന്നില്ല ടീച്ചർ. ഞാൻ അനുഭവങ്ങൾ വായിക്കുന്നു. ടീച്ചറുടെ ജീവിതം ഞാനൊരു പുസ്തകം പോലെ വായിച്ചു."
"എൻ്റെ ജീവിതത്തിൽ വായിക്കാൻ മാത്രം ഒന്നുമില്ല അദ്വൈത്. എല്ലാം ശൂന്യമാണ്."
"അതു കൊണ്ടാണ് ഞാൻ വരുന്നത്, ടീച്ചർ. ആ ശൂന്യതയിൽ എൻ്റെ സ്നേഹം നിറയ്ക്കാൻ. ടീച്ചറിന് പുറത്ത് വരാൻ പറ്റുമോ? ഒരഞ്ചു മിനിറ്റ്? കുറച്ച് ദൂരം നടക്കാൻ?"
മായ ഒരു നിമിഷം ആലോചിച്ചു.
'കഴിയുമോ? ഈ ഞായറാഴ്ച വൈകുന്നേരം, ഒരു വിദ്യാർത്ഥിയോടൊപ്പം നടക്കുന്നത്?'
"അദ്വൈത്... അത്..."
"ആരും അറിയാതെ മതി, ടീച്ചർ. ടീച്ചറുടെ ഫ്ലാറ്റിൽ നിന്നും കുറച്ച് ദൂരം നടന്നാൽ ഒരു കടൽത്തീരമുണ്ട്. വെളിച്ചം കുറഞ്ഞ ഭാഗം. ടീച്ചറിന് എന്നെ വിശ്വസിക്കാമെങ്കിൽ മാത്രം. ഒരു ടീച്ചറും വിദ്യാർത്ഥിയും തമ്മിലുള്ള അകലം പാലിച്ചു കൊണ്ട് തന്നെ ഞാൻ നടക്കാം. എൻ്റെ കണ്ണുകൾ ടീച്ചറെ തൊടില്ല."
അവളുടെ മനസ്സിൽ ഒരു കൊടുങ്കാറ്റുയർന്നു. സമൂഹത്തോടുള്ള ഭയം ഒരു വശത്ത്, സ്നേഹിക്കപ്പെടാനുള്ള ദാഹം മറുവശത്ത്. ദാഹം ജയിച്ചു.
"ഞാൻ വരാം, അദ്വൈത്. പതിനഞ്ച് മിനിറ്റിനുള്ളിൽ. എൻ്റെ ഫ്ലാറ്റിന്റെ താഴെ വരരുത്."
"ശരി ടീച്ചർ. ഞാൻ അവിടെ കാത്തിരിക്കും. ഒരു പുരുഷൻ്റെ വാക്ക് തരുന്നു, ടീച്ചർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല."
മായ ഫോൺ വെച്ചു. അവൾ വേഗം ഒരു ഇരുണ്ട ചുരിദാർ എടുത്തു ധരിച്ചു. നെഞ്ചിലൊരു പിടപ്പായിരുന്നു. അവൾ താഴെയിറങ്ങി, ആരും ശ്രദ്ധിക്കാതെ പുറത്തേക്ക് നടന്നു.
ഒരു നീണ്ട ഇടവേളക്ക് ശേഷം, അവൾ ജീവിതം ജീവിക്കാൻ വേണ്ടി പുറത്തിറങ്ങുകയായിരുന്നു.
കടൽത്തീരത്ത്, തിരമാലകളുടെ ഇരമ്പലിനിടയിൽ, അവൻ അവളെ കാത്തു നിന്നു. ഇരുണ്ട വെളിച്ചത്തിൽ, അവന്റെ മുഖം അവൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും, അവനിൽ നിന്നും പ്രസരിച്ച ഊർജ്ജം അവളറിഞ്ഞു.
"ടീച്ചർ..." അവൻ മെല്ലെ വിളിച്ചു.
"നമ്മൾ ഇവിടെ മാത്രം കാണണം, അദ്വൈത്. എൻ്റെ മാനത്തിന് കോട്ടം വരാൻ പാടില്ല." മായയുടെ ശബ്ദം ദൃഢമായിരുന്നു.
"ഞാൻ ടീച്ചറുടെ നിഴലായി നടന്നോളാം. ടീച്ചറിൻ്റെ ഇഷ്ടം പോലെ." അവൻ പറഞ്ഞു.
അവർ നടന്നു. തിരമാലകൾ അവരുടെ കാൽക്കൽ തലോടി മടങ്ങി. അവരുടെ മനസ്സിനുള്ളിലെ വികാരങ്ങളും അതുപോലെ തന്നെയായിരുന്നു.
അവരുടെ സംഭാഷണങ്ങളിൽ വിദ്യാർത്ഥി-അധ്യാപക വേർതിരിവ് പൂർണ്ണമായും മാഞ്ഞു. അവൻ്റെ തമാശകളിൽ മായ ചിരിച്ചു. അവളുടെ പഴയ ജീവിതത്തിലെ കഥകൾ അവൻ ശ്രദ്ധയോടെ കേട്ടു.
"ടീച്ചർ, എനിക്ക് ടീച്ചറോട് ഒരുപാട് സ്നേഹമുണ്ട്. പക്ഷേ, ഈ സ്നേഹം എനിക്ക് ടീച്ചറുടെ മകൻ്റെ സ്ഥാനത്ത് നിന്നും നൽകാൻ കഴിയില്ല. ഞാൻ ടീച്ചറെ സ്നേഹിക്കുന്നത്, എൻ്റെ പ്രണയിനിയായിട്ടാണ്. ടീച്ചർക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട. പക്ഷേ എൻ്റെ മനസ്സിൽ ടീച്ചറാണ്."
അവൻ്റെ ആൺകുട്ടിയുടെ നിഷ്കളങ്കതയും പുരുഷൻ്റെ വാക്കും മായയെ വല്ലാതെ ആകർഷിച്ചു. അവൾ മറുപടി പറഞ്ഞില്ല.
അവർ ഒരുപാട് നേരം കടൽത്തീരത്ത് നടന്നു.
"ടീച്ചർക്ക് ഇഷ്ടപ്പെട്ട ഒരു ചോക്ലേറ്റ് ഞാൻ ബാഗിൽ വെച്ചിട്ടുണ്ട്. ലൈബ്രറിയിൽ ടീച്ചർ എപ്പോഴും വാങ്ങാറുള്ളത്." തിരികെ പോകുമ്പോൾ, അവൻ പറഞ്ഞു.
ആ ചെറിയ കരുതൽ! മായയുടെ കണ്ണുകൾ നിറഞ്ഞു.
"നന്ദി, അദ്വൈത്. നീ പോയ്ക്കോളൂ. ഞാൻ പൊയ്ക്കോളാം."
അവൾ തിരിഞ്ഞു നടന്നു.
അവൻ നിന്നു. അവളുടെ മനസ്സിൽ അവനോടുള്ള അടുപ്പം ഒരു കൊടുങ്കാറ്റായി വളരാൻ തുടങ്ങുകയായിരുന്നു.
________________________________________________
Comments