ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര
ഫോൺ ബെൽ അടിക്കുന്നു. റീന കിച്ചണിൽ നിന്നു വേഗം വന്നു. ‘ സുനിൽ കുളിക്കുകയാണെന്നു തോന്നുന്നു, അര മണിക്കൂർ കഴിഞ്ഞാൽ ഓഫീസിലേക്കു പോവേണ്ടതല്ലേ? അച്ഛനാണ്. ഇത്ര രാവിലെ വിളിക്കാറു പതിവില്ലല്ലോ? എന്തെങ്കിലും പ്രശ്‌നം ആവുമോ?’ “എന്താണച്ഛാ, രാവിലെ തന്നെ വിളിച്ചത്?” “പേടിക്കേണ്ട, രേഖയെ കാണാൻ ഒരു കൂട്ടർ വരുന്നു. അവൾക്കു നിർബന്ധം ആ സമയത്തു നീ കൂടി വേണമെന്ന്”. “എപ്പോഴാണച്ഛാ, അവർ വരാമെന്നു പറഞ്ഞിരിക്കുന്നത്?” “നാളെ വൈകുന്നേരം അഞ്ചു മണിക്ക്. നിനക്കു ഇന്നു രാത്രി പുറപ്പെടാൻ പറ്റുമോ? നിനക്കു അറിയാമല്ലോ അവളുടെ സ്വഭാവം. നീ പറഞ്ഞാലെ അവൾ അനുസരിക്കൂ.” ശരിയാണ്, രേഖക്കു എന്തിനും താൻ വേണം. താനും കൂടി യെസ് മൂളിയാലേ അവൾ കല്യാണത്തിനു സമ്മതിക്കുകയുള്ളൂ. “സുനിൽ കുളിക്കുകയാണ്. ഞാൻ ചോദിക്കട്ടെ. ഇനി ഈ ബാംഗ്ളൂരിൽ നിന്നു ബസ്സിൽ വരേണ്ടി വരും. സുനിലിനു വരാൻ പറ്റുന്ന കാര്യം സംശയമാണ്. കമ്പനിയുടെ എംഡി വന്നിട്ടുണ്ട്. സുനിലിനോടു ചോദിച്ചിട്ടു ഞാൻ വിളിക്കാം..” അച്ഛൻ ഫോൺ വെച്ചതും സുനിൽ ബാത്റൂമിൽ നിന്നു ഇറങ്ങി വന്നു. “ആരായിരുന്നു റീനേ, ഫോണിൽ?” “അച്ഛൻ. രേഖയെ പെണ്ണു കാണാൻ ആരോ നാളെ വരുന്നു. ഞാൻ ഉണ്ടാവണമെന്നു അവൾക്കു വാശി. എന്തു ചെയ്യും?”...