ഇളംതെന്നൽ പോലെ
” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ” നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു…..
” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി പറയരുത് കേട്ടോ..??..” രാധിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോൾ നന്ദന്റെ ഉറക്കം എല്ലാം പമ്പ കടന്നു…. പെട്ടന്ന് ചാടി എഴുന്നേറ്റ് അവൻ ബെഡിൽ എന്തോ പരതി….
” ഫോൺ ടേബിളിൽ ഇരിപ്പുണ്ടേ…. ” അത് കണ്ട് രാധിക പറഞ്ഞു… അവൻ പെട്ടന്ന് ഫോൺ എടുത്ത് എന്തൊക്കെയോ നോക്കി എന്നിട്ട് ബാത്‌റൂമിലേക്ക് ഓടി….
” അതേ ഡ്രസ്സ് കബോർഡിലുണ്ട്…. എടുത്തോണ്ട് പോ…. ബാത്‌റൂമിൽ ഇരുന്ന് രാധു രാധൂന്ന് അലറിയാൽ ഡ്രെസ്സും കൊണ്ട് വരാൻ എനിക്ക് പറ്റൂല്ലന്ന് അറിയാല്ലോ…. ” അത് കേട്ട് കയറിയ സ്പീഡിൽ തന്നെ അവൻ പുറത്തേക്ക് ഇറങ്ങി ഡ്രസ്സ് എടുത്ത് ബെഡിലിട്ടു… തോർത്തും എടുത്ത് തിരിച്ചു ബാത്‌റൂമിൽ കയറുന്നതിനുമുൻപ് അവൻ തന്നെ നോക്കി ഭിത്തിയിൽ ചാരി നിൽക്കുന്ന രാധികയെ നോക്കി ഇളിച്ചു കാണിച്ചു…
” നിനക്ക് ഓരോ ദിവസം കഴിയുമ്പോളും സൗന്ദര്യം കൂടുന്നുണ്ടോ പെണ്ണേ..??… ” അവൻ ചോദിച്ചു….
” നിന്ന് കൊഞ്ചാതെ വേഗം പോകാൻ നോക്ക് നന്ദേട്ടാ…. ” അവൾ വീണ്ടും ചിണുങ്ങി…. അവൻ ചിരിയോടെ കുളിക്കാൻ കയറി……
കുളി കഴിഞ്ഞ് അവൻ ഡ്രസ്സും മാറിയിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല…. അപ്പോളേ അവൾ ബാൽക്കണിയിൽ ഉണ്ടാകും എന്ന് അവൻ ഊഹിച്ചു…. അവന്റെ ഊഹം തെറ്റിയില്ല…. ഉദിച്ചു നിൽക്കുന്ന സൂര്യനെയും നോക്കി അവൾ അവിടെ ഉണ്ടായിരുന്നു…. അഴിഞ്ഞുലഞ്ഞ മുടി കാറ്റത്തു പറന്നു കിടക്കുന്നുണ്ട്…. സാരിയുടെ തുമ്പ് ഇടുപ്പിൽ കുത്തി വച്ച് ഹാൻഡ് റെയിലിൽ പിടിച്ചാണ് അവൾ നിൽക്കുന്നത്….
ഗ്ലാസ് ഡോർ അവൻ ശബ്മുണ്ടാക്കാതെ വലിച്ചു തുറന്നു…. അവളുടെ പിന്നിലൂടെ ചെന്ന് ഇടുപ്പിലേക്ക് കൈവച്ച് അവളെ ഇറുകെ പുണർന്നതും മുടികൾ വകഞ്ഞു മാറ്റി കഴുത്തിലേക്ക് മുഖം അമർത്തിയതും ഒരുമിച്ചു കഴിഞ്ഞു…. പക്ഷെ പതിവ് പോലെ അവളിൽ ഒരു ഞെട്ടലും ഉണ്ടായില്ല….
” ശെടാ… ഞാൻ ഒരു ശബ്ദവും ഉണ്ടാക്കതല്ലെ പെണ്ണെ വരുന്നത്…. പിന്നെയും നിനക്ക് എങ്ങനെ മനസ്സിലാവുന്നു….”
” എന്താ പെണ്ണേ ഇന്ന് ഒരു കരച്ചിൽ…. അമ്മ എന്തെങ്കിലും പറഞ്ഞോ നിന്നെ..??.. ” അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ ചോദിച്ചു…. ആ കണ്ണുകൾ അപ്പോളും നിറഞ്ഞിരുന്നു….
” അമ്മ എന്നെ ഒന്നും പറഞ്ഞില്ല… ഇനി പറഞ്ഞാലും എനിക്ക് വിഷമം ഒന്നുല്ല… അമ്മയുടെ ഒരേ ഒരു മകന്റെ ജീവിതം ഞാൻ കാരണം നശിച്ചുകൊണ്ടിരിക്കുവല്ലേ….
” ദേ രാവിലേ എന്റെ മൂഡ് കളയാൻ ഓരോന്ന് പറയല്ലേ… എനിക്ക് ഇപ്പൊ എന്തോ പറ്റീന്നാ നീ പറയുന്നേ…??.. ”
” ഒന്നും പറ്റിയില്ലേ…. എന്തിനാ നന്ദേട്ടാ കള്ളം പറയുന്നേ…. എന്തിനാ ഈ ചട്ടുകാലി പെണ്ണിനെ കൂടെക്കൂട്ടിയെ…. എന്തിനാ…. ” അവൾ പൂർത്തിയാക്കുന്നതിന് മുൻപ് അവൻ അവളുടെ ചുണ്ടിനു മുകളിൽ ചൂണ്ടു വിരൽ അമർത്തി….
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. അടങ്ങാത്ത ദാഹം…. ആദ്യം കണ്ട നാൾ മുതലേ…. ഇനി അങ്ങോട്ടും അതങ്ങനെ തന്നെയായിരിക്കും…. ” അവൻ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർക്കാനൊരുങ്ങി….
” അച്ചേ…. ” അപ്പോളേക്കും റൂമിൽ നിന്നും ആറു വയസുകാരി മീനുവിന്റെ വിളി വന്നു…. നന്ദൻ ഈർഷ്യയോടെ അവളിൽ നിന്നും അകന്നു…. രാധിക വാ പൊത്തി ചിരിച്ചു…
” ചിരിക്കടി… നിന്നെയുണ്ടല്ലോ…. ” അവൻ വീണ്ടും അവളെ പിടിക്കാനാഞ്ഞു…
” ദേ നന്ദേട്ടാ മോൾ വിളിക്കണുണ്ട്…. കളിക്കാതെ പോയെ…. ” അവൾ ചിരിയോടെ പറഞ്ഞു…
” ഈ അമ്മ എന്തിനാ ഇപ്പൊ അവളെ ഇങ്ങോട്ട് കയറ്റി വിട്ടത്…. അല്ലെങ്കിലും അമ്മയെ പറഞ്ഞിട്ടെന്താ ഇതിന്റെയല്ലേ മോള്… ഇങ്ങനൊക്കെയെ വരു….” രാധികയെ നോക്കി കപട ദേഷ്യവും കാണിച്ച് അവൻ മീനുവിനെ വാരിയെടുത്തു കൊണ്ട് പുറത്തേക്ക് നടന്നു… രാധിക അവനെ നോക്കി നാവു കൊണ്ട് ഗോഷ്ടി കാണിച്ചു….
” നന്ദേട്ടാ…. ഇന്ന് മോളുടെ സ്കൂളിൽ മീറ്റിംഗ് ഉണ്ടേ… പോകാൻ മറക്കല്ലേ….” വലതു കൈ കാൽ മുട്ടിൽ പിടിച്ച് മുടന്തി മുടന്തി അവരുടെ പിന്നാലെ നടന്നു കൊണ്ട് അവൾ പറഞ്ഞു….
” ആഹാ… നീ ഇവളുടെ അമ്മയല്ലേ…. നിനക്കു പൊക്കൂടെ…. ” നന്ദൻ തിരിഞ്ഞു നിന്ന് പറഞ്ഞു…
” നന്ദേട്ടാ…. ”
” നീ ആരോടാ ഇത്ര കാര്യമായി സംസാരിക്കുന്നത്.???… ” മോളെയും എടുത്ത് ചിരിച്ചുകൊണ്ട് പടിക്കെട്ട് ഇറങ്ങി വരുന്ന അവനോട് ദേവകി ചോദിച്ചു…
” എന്റെ രാധുനോട്… അല്ലാതെ വേറെ ആരാ…. ” കസേര നീക്കിയിട്ട് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ അവൻ പറഞ്ഞു… അത് അത്ര ഇഷ്ടപെടാത്തത് പോലെ ദേവകി മുഖം വെട്ടിച്ചു…. അവൻ അത് കാര്യമാക്കാതെ ഭക്ഷണകഴിച്ചു കൂടെ മീനുവിനെയും ഊട്ടി…. അവൾ ചിരിച്ചു കൊണ്ട് അച്ഛനോട് ഓരോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു…..
കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടക്കുമ്പോളാണ് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനെ അവൻ കണ്ടത്…
” ഞാനിറങ്ങുവാ അച്ഛാ…. ” അയാൾ പത്രം മടക്കി ഒന്നു മൂളി…
” പിന്നെ രാധു എന്തെങ്കിലും ആവശ്യം പറയുവാണേൽ ഒന്ന് സാധിച്ചു കൊടുത്തേക്കണേ….
അല്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാലും മതി… ആ പെണ്ണ് ഫോൺ ഉപയോഗിക്കില്ലല്ലോ…. അമ്മ ഇതറിയണ്ട… അല്ലെങ്കിലേ ഇപ്പോൾ അവളെപറ്റി സംസാരിക്കുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടം അല്ലാതെ വന്നിട്ടുണ്ട്… എന്ന് മാറുമോ ഈ അമ്മായിയമ്മ പോര്… ” അവൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞിട്ട് കാറിലേക്ക് കയറി…. അച്ഛൻ അവനെ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു…. കാറിൽ കയറിയിട്ടും അവൻ തിരിഞ്ഞു ബാൽക്കണിയിലേക്ക് നോക്കി… അവനെ നോക്കി അവൾ പുഞ്ചിരിയോടെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു…. അവന്റെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു…. പണ്ട് ഇതുപോലെ ഒരു ദിവസം അവന്റ കാർ അവളുടെ വീട്ടിലേക്ക് വന്ന ദിവസം അവളുടെ ഓർമയിൽ വന്നു….. ——————————————————————
അന്നൊരു ഞായറാഴ്ചയായിരുന്നു….. സ്ഥിരമായുള്ള അമ്മയുടെ കുത്ത് വാക്കുകളും സഹിച്ച് അവൾ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്നു….. അമ്മയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു….
” എടി… നിന്റെ കൂടെയുള്ളതിനോ ആലോചനകൾ ഒന്നും വരുന്നില്ല… കഴിഞ്ഞ ദിവസം വന്ന ആലോചനയും അവർക്ക് വേണ്ടായെന്ന് വച്ചു…. അല്ലെങ്കിലും ചട്ടുകാലിയെ ആർക്ക് വേണം…. ഇതിപ്പോ നിന്റെ ഭാഗ്യമാണ്…. ” രാധികയുടെ അനുജത്തി രേണുകയോടാണ് അമ്മയുടെ സംസാരം…. അവർ ഇരട്ടകളായിരുന്നു…. മിനിറ്റുകളുടെ വ്യത്യാസത്തിൽ രാധിക ചേച്ചിയായി…. പക്ഷെ അവളുടെ വലതു കാലിന് സ്വാധീനം കുറവായിരുന്നു….. രേണുകയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല…. അതോടെ അവരുടെ അമ്മ വിനീതയ്ക്ക് രാധികയോട് ചതുർഥിയായി…. ചട്ടുകാലി കുടുംബത്തിന്റെ ശാപമാണെന്നായിരുന്നു അവരുടെ പക്ഷം…. അച്ഛനും അതുപോലെ തന്നെ…. രാധികയോട് എന്തെങ്കിലും സ്നേഹമുള്ളത് രേണുകയ്ക്ക് മാത്രമായിരുന്നു…. പ്ലസ് ടുവിൽ രാധികയുടെ പഠനം അവസാനിച്ചു…. വീട്ടു ജോലികൾ എല്ലാം അവളുടെ തലയിലായി…. രേണുകയെ മാത്രം തുടർ പഠനത്തിന് അയച്ചു…. രാധികയ്ക്ക് അതിലൊന്നും വിഷമം ഉണ്ടായിരുന്നില്ല…. പക്ഷെ അമ്മയുടെയും അച്ഛന്റെയും സ്നേഹത്തോടെയുള്ള ഒരു വാക്ക് അവൾ ഒരുപാട്
മോഹിച്ചിരുന്നു…. ഇപ്പോൾ എങ്ങനെയെങ്കിലും ആരുടെയെങ്കിലും തലയിൽ രാധികയെ കെട്ടി വയ്ക്കണം എന്നതാണ് അവരുടെ ചിന്ത….. ഈ സമയം രേണുകയ്ക്ക് വന്ന പുതിയ ആലോചനയെ പറ്റിയുള്ള സംസാരമായിരുന്നു അവിടെ….
” എത്ര വലിയ ആലോചനയാണെന്ന് പറഞ്ഞാലും എനിക്ക് അത് വേണ്ട…. എനിക്ക് ഡിഗ്രി കഴിഞ്ഞു പിജിയും എടുക്കണം…. വല്ലവന്റെയും വീട്ടിലെ പുക കൊണ്ട് തീർക്കാൻ എനിക്ക് വയ്യ…. ” രേണുക തീർത്തു പറഞ്ഞു….
” എടി ഈ വരുന്നവര് നല്ല കാശുകാരാ….
നിന്നെ നേരത്തെ കണ്ട് ഇഷ്ടപ്പെട്ടന്നാ ബ്രോക്കർ പറഞ്ഞത്…. ഈ ബന്ധം നടന്നാൽ നീയും രക്ഷപെടും ഈ വീടും രക്ഷപെടും…. ചെറുക്കനും കാണാൻ നല്ലതല്ലേ… ദേ ഫോട്ടോ നോക്കിക്കേ… ” അവർ ഫോട്ടോ അവളുടെ നേരെ കാണിച്ചു… അവൾ അത് ഒരു നോക്ക് നോക്കി….
” ഇയാൾ എന്നെ എവിടെ വച്ച് കണ്ടെന്നാ… ഞാൻ ജീവിതത്തിൽ ഇയാളെ കണ്ടിട്ടില്ല… എനിക്ക് എന്തായലും കല്യാണം വേണ്ട… എനിക്ക് പഠിക്കാൻ പോയാൽ മതി…. ഇയാളെ വേണമെങ്കിൽ രാധികയ്ക്ക് ആലോചിക്ക്…. എന്നെ പോലെ തന്നെയല്ലേ അവളും…. ” രേണുക ദേഷ്യത്തോടെ പറഞ്ഞു…
” നീ എന്താ തമാശ പറയുവാണോ???.. കഴിഞ്ഞ ദിവസം നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരാൾ വന്നിട്ട് അയാൾ പോലും ഒരു ചട്ടുകാലിയെ ചുമക്കാൻ വയ്യാന്നു പറഞ്ഞു പോയി… അപ്പോളാ ഇതുപോലെ ഒരു ചെറുക്കൻ….. അവൾ ഇവിടെ എടുക്കാ ചരക്കായി കിടക്കത്തെയുള്ളു… ഒരു ദുശ്ശകുനത്തെ ആരാ കെട്ടുക…. നീയെങ്കിലും രക്ഷപെടാൻ നോക്ക്…. ” അമ്മയുടെ വാക്കുകൾ അടുക്കളയിലിരുന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു….. കേട്ട് കേട്ട് തഴമ്പിച്ച വാക്കുകൾ…. ഇപ്പോൾ അവയ്ക്ക് അവളെ മുറിവേൽപ്പിക്കാൻ ആകുമായിരുന്നില്ല…..
” അവർ എന്തായാലും വൈകിട്ട് വരും…. നീ ഒന്ന് പോയി നിന്നു കൊടുക്ക്…. ബാക്കി പിന്നെ ആലോചിക്കാം…. ” അത്രയും പറഞ്ഞ് അവർ അടുക്കളയുടെ അടുത്തേക്ക് വന്നു….
” ദേ…. പറഞ്ഞതൊക്കെ കേട്ട് കാണുല്ലോ…. വൈകിട്ട് അവിടെയെങ്ങും അപശകുനം പോലെ വന്നു നിൽക്കരുത്…. കേട്ടല്ലോ…. ” രാധികയുടെ നേരെ അവർ ആക്രോശിച്ചു…. അവൾ എല്ലാം തല കുലുക്കി അനുസരിച്ചു…. അല്ലെങ്കിലും അതാണ് പതിവ്…..
വൈകുന്നേരം പറഞ്ഞതുപോലെ പെണ്ണ്കാണാൻ ആളുകൾ എത്തി…. കാറിൽ നിന്നും നാലുപേർ പുറത്തേക്ക് ഇറങ്ങി…. അതിലൊന്ന് ബ്രോക്കർ ആയിരുന്നു…. പിന്നെ ഒരു ചെറുപ്പക്കാരനും അയാളുടെ അച്ഛനും അമ്മയും എന്ന് തോന്നുന്ന രണ്ടു പേരും…. അടുക്കള മുറ്റത്തെ മാവിന്റെ മറവിൽ നിന്നും രാധിക അവരെ എത്തി നോക്കി…. അവർ കാണുന്നതിന് മുൻപ് അവൾ അടുക്കളയിലേക്ക് മാറി….
ഉമ്മറത്ത് രാധികയുടെ അച്ഛൻ നാരായണൻ അവരെ സ്വീകരിച്ചിരുത്തി….
” ദേ ഇതാണ് ചെക്കന്റെ അച്ഛൻ മഹാദേവൻ….. ഇത് അമ്മ ദേവകി…. പിന്നെ ഇതാണ് പയ്യൻ നന്ദകിഷോർ…. ടൗണിൽ സ്വന്തമായി ബിസ്സിനസ്സ് ഉണ്ട്…. ”
രേണുക ചായയുമായി വരുന്നത് കണ്ടപ്പോളേ നന്ദന്റെ മുഖം മാറി…. അവൻ തൊട്ടടുത്ത് ഇരുന്ന അച്ഛനെ തട്ടി…. അച്ഛനും അമ്മയും അവനെപോലെ ഞെട്ടി ഇരിക്കുകയായിരുന്നു….
” അല്ല… ഇതാണോ കുട്ടി…. കുട്ടിക്ക് കാലിന് എന്തോ കുഴപ്പം…” മഹാദേവൻ സംശയത്തോടെ ചോദിച്ചു…
” രേണുവിന് കാലിന് ഒരു കുഴപ്പവുമില്ല….
കാൽ വയ്യാത്തത് എന്റെ മൂത്തമോള്ക്കാ രാധികയ്ക്ക്…. ” വിനീത ചാടികയറി പറഞ്ഞു…. നന്ദന്റെ അച്ഛനും അമ്മയും അവനെ ഒന്ന് നോക്കി…
” അത്…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും രാധികയെയാണ്…. രാധികയുടെ കാര്യമാണല്ലോ ഞാൻ പറഞ്ഞിരുന്നത്…. ” നന്ദൻ പറഞ്ഞപ്പോൾ രാധികയുടെ അച്ഛനും അമ്മയും ഞെട്ടി…. അവരുടെ മുഖം വിവർണമായപ്പോൾ രേണുകയുടെ മുഖത്ത് ആദ്യം വന്ന ഞെട്ടൽ മാറി സന്തോഷം വന്നിരുന്നു…. താല്പര്യമില്ലാത്ത കല്യാണം മുടങ്ങിയ സന്തോഷം ….. കതകിനു മറവിൽ നിന്ന രാധിക നന്ദന്റെ വാക്കുകൾ കേട്ട് ഒരു പ്രതിമയെ പോലെ നിശ്ചലയായി നിന്നു….. ജീവിതത്തിൽ ആരും അവളെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല….. രണ്ടു വീട്ടുകാരും ഒരുപോലെ ബ്രോക്കറിനെ നോക്കി…..
” അത്… ഞാൻ… ഒരു അബദ്ധം…. ” അയാൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…. രണ്ടു കൂട്ടരുടെയും മുഖം ഇരുണ്ടു….
” രാധികയെ ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം…. ” കല്യാണം മുടങ്ങിയ സന്തോഷത്തോടെ രേണുക പറഞ്ഞു….. അവൾ അകത്തേക്ക് ഓടി…. വാതിലിന് മറവിൽ എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു രാധിക…. അവൾ മുഖം പൊത്തി കരഞ്ഞു…. രേണുക എത്ര വിളിച്ചിട്ടും അവൾ അങ്ങോട്ടേക്ക് വരാൻ കൂട്ടാക്കിയില്ല….. ഒരു കുഞ്ഞിനെ പോലെ ശാഠ്യം പിടിച്ച് അവൾ അടുക്കളയിലേക്ക് മുടന്തി മുടന്തി നടന്നു….. രേണുക ആ കാര്യം തിരികെ വന്ന് എല്ലാവരോടുമായി പറഞ്ഞു…. നന്ദന്റെ മുഖത്തെ പ്രകാശം മാഞ്ഞു….
” നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അകത്ത് കയറി രാധികയോട് ഒന്ന് സംസാരിച്ചോട്ടെ…. ” നന്ദൻ അവരുടെ അനുവാദത്തിനായി കാത്തു…. അവർ മൗനമായി തല കുലുക്കി….
നന്ദൻ യാതൊരു ലക്ഷ്യവുമില്ലാതെ അകത്തേക്ക് നടന്നപ്പോൾ രേണുക വഴികാട്ടിയായി…. അവൻ അടുക്കളയിൽ എത്തുന്നതിനു മുമ്പ് തന്നെ അവളുടെ ഏങ്ങലടി കേട്ടിരുന്നു…. അടുപ്പിന് നേരെ തിരിഞ്ഞു നിന്ന് കരയുകയായിരുന്നു അവൾ…. നന്ദൻ അവളുടെ പിന്നിൽ നിന്ന് ചുമയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കി…. അത് കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു… പക്ഷെ അവന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞു നിന്നു….
” എന്റെ പേര് നന്ദകിഷോർ… നന്ദൻ എന്ന് എല്ലാവരും വിളിക്കും…. കൂടെ വന്നത് അച്ഛനും അമ്മയുമാണ്…. ഞാൻ ഒരു ബിസിനെസ് ചെയ്യുന്നുണ്ട്…. ” അവൻ പറഞ്ഞു നിർത്തിയിട്ടും അവൾ മുഖം ഉയർത്തിയില്ല…. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ വീണ്ടും തുടർന്നു….
” കുറച്ചു ദിവസം മുൻപാണ് ഞാൻ തന്നെ കണ്ടത്…. കണ്ട നിമിഷം തന്നെ എനിക്ക് ഇയാളെ ഇഷ്ടായി…. അതാ ആലോചനയുമായി വന്നത്…. ”
“ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും താൻ എന്താ ഒന്നും മിണ്ടാത്തത്…. ” അവളുടെ നിശബ്ദത സഹിക്കാതെ അവൻ പറഞ്ഞു …..
” സോറി…. ഞാൻ എന്റെ കാര്യമേ നോക്കിയുള്ളൂ….. തനിക്ക് ഇഷ്ടമാണോന്ന് അറിഞ്ഞിട്ട് വരണമായിരുന്നു…. ഇയാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലല്ലേ… സാരമില്ല…. ” ശബ്ദത്തിൽ വന്ന പതർച്ച മറച്ചുകൊണ്ട് അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി….
” അയ്യോ…. പോവല്ലേ….. ” പിന്നിൽ നിന്നും അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നിന്നു….
“എന്റെ ഈ കാലിന് സ്വാധീനം കുറവാ…. ഇനി ഒരിക്കലും അത് ശരിയാകാൻ പോണില്ല…. എല്ലാവരെയും പോലെ ഓടി നടക്കാനോ ജോലി ചെയ്യാനോ എനിക്ക് സാധിക്കില്ല…. ഒരു നല്ല ഭാര്യയാകാൻ എനിക്ക് സാധിക്കുമോയെന്നും അറിഞ്ഞൂടാ….. ” അവൻ അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ടു….
“എന്നെ കണ്ടു ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്…. കാണാൻ എന്നെ പോലെ തന്നല്ലേ രേണുവും…. അല്ല…. എന്നേക്കാൾ നല്ലതല്ലേ രേണു…. അവൾക്ക് രണ്ട് കാലും ഉണ്ട്…. അപ്പോൾ അവളെ വിവാഹം കഴിച്ചാൽ പോരെ…. ” അവളുടെ ശബ്ദം വിറങ്ങലിച്ചിരുന്നു…. ഇഷ്ടത്തോടെയല്ല അവൾ അത് പറഞ്ഞതെന്ന് വ്യക്തം…..
” മ്മ്…. അത് ശരിയാണല്ലോ…. രണ്ടു പേരും കാണാൻ ഒരുപോലെ…. രേണുകയാകുമ്പോൾ രണ്ടു കാലും ഉണ്ട്…. അപ്പോൾ അങ്ങനെ തീരുമാനിക്കാം…. ” അവന്റെ ആ മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല…. ഒരു ഞെട്ടലോടെ അവനെ നോക്കിയ ശേഷം അവൾ കണ്ണുകൾ തുടച്ച് അവന്റെ സൈഡിലൂടെ മുറിയിലേക്ക് പോകാനൊരുങ്ങി… അവനെ മറി കടക്കും മുൻപ് അവളുടെ കൈയിൽ പിടിച്ച് അവൻ അവളെ മുന്നിലേക്ക് നിർത്തി…
” ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്…. എനിക്ക് വേണ്ടതും നിന്നെയാണ്…. നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ…. ” അവളുടെ കൈയിൽ നിന്നും അവൻ കൈ വിട്ടെങ്കിലും അവൾ അവനെ മുറുകെ പിടിച്ചിരുന്നു…. അതൊരു ഉറപ്പായിരുന്നു…. പ്രതീക്ഷകൾ അറ്റിരുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു….. നിയന്ത്രണമില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി….
” അപ്പൊ ഇനി ചടങ്ങ് ചടങ്ങ് പോലെ തന്നെ നടത്താല്ലോ അല്ലെ…. ചേട്ടൻ പൊയ്ക്കോ…. ഞാൻ ഇവളെ ഒന്ന് ഒരുക്കി സുന്ദരിയാക്കിക്കൊണ്ട് വരാം….. ” പിന്നിൽ നിന്നും രേണുക വിളിച്ചു പറഞ്ഞു…. നന്ദൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി….
” എടി കള്ളി…. അവസാനം നീ ഒരു രാജകുമാരനെ തന്നെ കട്ടെടുത്തല്ലോ…. ” അവളെ പുണർന്നുകൊണ്ട് രേണുക പറഞ്ഞു…. പിന്നീട് പെണ്ണുകാണാൻ ചടങ്ങ് നടന്നു… ചായയുമായി രാധികയെത്തി…. അവളുടെ മുടന്ത് ഒരു പോരായ്മയായിട്ട് അവന് തോന്നിയതെയില്ലന്നാണ് സത്യം…
അന്ന് മുതൽ അവൻ അവൾക്ക് നന്ദേട്ടനായി….. അവൾ അവന്റെ രാധുവും….. സന്തോഷത്തോടെയുള്ള ജീവിതം….
എല്ലാവരെയും വിളിച്ചു കൂട്ടി ആർഭാടമായി തന്നെ അവരുടെ വിവാഹം നടന്നു…. അവന്റെ ബന്ധുക്കളിൽ പലരും പെണ്ണിന്റെ കുറവിനെ ചൊല്ലി മുറുമുറുത്തപ്പോൾ അവളുടെ ബന്ധുക്കൾ അവൾക്ക് വന്ന ഭാഗ്യത്തെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു….. വിചിത്ര ജീവിയെ പോലെ പലരുടെയും നോട്ടത്തിൽ തളർന്നു പോകാതെ അവൾക്ക് കൈ താങ്ങായത് അവൻ തന്നെയായിരുന്നു…. കണ്ണുകൾ ചിമ്മി ഒന്നുമില്ലന്ന് ചിരിയോടെ അവൻ കാണിച്ചപ്പോൾ എന്തിനെയും നേരിടാനുള്ള ധൈര്യം അവൾക്കും വന്നു ചേർന്നു….
ആദ്യരാത്രിയിൽ പാലും കൊണ്ട് അവൾ മുറിയിലേക്ക് പോകുമ്പോളും അവളുടെ കുറവിനെ കളിയാക്കാൻ ആളുകൾ ഉണ്ടായിരുന്നു….. പക്ഷെ അവന്റെ അച്ഛനും അമ്മയും സ്വന്തം മകളെ പോലെ അവളെ സംരക്ഷിച്ചു…..
റൂമിൽ അവളുടെ വരും കാത്തിരുന്ന അവനോട് അവൾക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു…. എന്തിനാണ് ഈ ചട്ടുകാലിയെ????….
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്…..” അത്ര മാത്രം മതിയായിരുന്നു അവൾക്ക്…. ഒരു നല്ല ഭാര്യയായി നല്ല മരുമകളും മകളുമായി സന്തോഷത്തോടെയുള്ള ജീവിതം അവിടെ നിന്നും തുടങ്ങുകയായിരുന്നു….
അന്ന് രാത്രി അവന് അവളോട് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു….. അവനെ പറ്റി വീട്ടുകാരെ പറ്റി…. അവൾ ഒരു ചിരിയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു…. ആദ്യമായി അവളെ കണ്ടത് ഒരു കഥപോലെ അവൻ അവൾക്ക് പറഞ്ഞു കൊടുത്തു…..
റിയൽഎസ്റ്റേറ്റ് ബിസ്സിനെസ്സുള്ള ഒരു കൂട്ടുകാരനൊപ്പം രാധികയുടെ വീടിനടുത്തുള്ള സ്ഥലം നോക്കാൻ വന്നതായിരുന്നു നന്ദൻ…. അവനും സ്ഥലത്തിന്റെ ഉടമസ്ഥനും തമ്മിൽ റേറ്റിനെ ചൊല്ലിയുള്ള സംസാരം തുടങ്ങിയപ്പോൾ അത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് നന്ദൻ അവിടെ നിന്നും മാറി നിന്നു… അപ്പോളാണ് മതിൽക്കെട്ടിനപ്പുറത്ത് നിന്നും ഒരു കരച്ചിൽ അവൻ കേൾക്കുന്നത്…. എത്തിച്ചാടി നോക്കിയപ്പോൾ ഒരു പെൺകുട്ടി പടർന്നു പന്തലിച്ച മാവിൻ ചുവട്ടിൽ നിന്ന് കരയുന്നു…. അകത്തു നിന്നും എന്തോ ബഹളവും കേൾക്കുന്നുണ്ട്….
” അമ്മേ…..അമ്മ എന്തിനാ വഴക്ക് ഉണ്ടാക്കുന്നത് അവളല്ലലോ അയാളെ വേണ്ടായെന്ന് പറഞ്ഞത്… അയാളല്ലേ…. അതിന് അവളെന്തു പിഴച്ചു….. ” ഒരു പെൺകുട്ടി അകത്തു നിന്നും വിളിച്ചു പറഞ്ഞു…
” അതേടി…. ആ നശൂലത്തെ അയാൾക്കും വേണ്ടായെന്ന് പറഞ്ഞു…. ഈ
” അതേടി… അവൾ സൗന്ദര്യവും കെട്ടിപിടിച്ച് ഇവിടെ ഇരുന്നോട്ടെ…..രാജകുമാരൻ വരും കെട്ടിക്കൊണ്ട് പോകാൻ….. എന്തിനേറെ സ്വന്തം അച്ഛന് പോലും അറിയാം ചട്ടുകാലി ദുശ്ശകുനമാണെന്ന്…. പിന്നല്ലേ ബാക്കി ആണുങ്ങൾ….. ” അവർ പുച്ഛത്തോടെ പറഞ്ഞു… അകത്തെ ബഹളം ഒന്നടിങ്ങിയപ്പോൾ മാവിൻ ചുവട്ടിൽ നിന്നിരുന്ന പെൺകുട്ടി അകത്തേക്ക് പോകാൻ നടക്കുകയാണെന്ന് അവളുടെ കരച്ചിൽ അകന്ന് പോകുന്നത് അറിഞ്ഞപ്പോൾ അവന് തോന്നി…. അവളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിൽ ഏഴടിയോളമുള്ള മതിലിന്റെ മുകളിൽ അവൻ ചാടി പിടിച്ച് ഉയർന്നു പൊങ്ങി…. അവൾ തിരിഞ്ഞു നടക്കുന്നത് മാത്രമാണ് അവൻ കണ്ടത്….. വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കണേയെന്ന് അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു….. അവന്റെ ആഗ്രഹം മനസ്സിലാക്കിയെന്ന പോലെ അടുക്കള വാതിലിൽ മറയുന്നതിന് മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി…..
ഒരു നിമിഷം…. ജീവിതത്തിൽ ഒരിക്കലും നന്ദന് മറക്കാനാകാത്ത ഒരു നിമിഷം….. ഭൂമിയിലുള്ള എല്ലാ പൂക്കളും ഒരുമിച്ചു പൂത്ത സുഗന്ധം അവന്റെയുള്ളിൽ നിറഞ്ഞു…. നിറഞ്ഞു നിന്ന അവളുടെ കരിമഷി കണ്ണുകൾ വെയിലിൽ തിളങ്ങുന്നത് പോലെ അവന് തോന്നി…. ഇത്രയും നാൾ അവൻ കാത്തിരുന്ന പെൺകുട്ടി അവളാണെന്ന് അവനോട് ആരോ കാതിൽ മന്ത്രിച്ചു…. അത്രയും നേരം അവളോട് തോന്നിയിരുന്ന സഹതാപം പ്രണയമായി മാറാൻ ആ ഒരു നിമിഷം ധാരാളമായിരുന്നു….
അന്ന് മുഴുവൻ അവൻ ആ നിമിഷത്തിന്റെ ഹാങ്ങോവറിൽ കഴിഞ്ഞു…. പിറ്റേന്ന് തൊട്ട് അവളെ ഒരു നോക്ക് കാണാൻ ആ വീടിന് അങ്ങോട്ടും ഇങ്ങോട്ടും വലം വച്ചുകൊണ്ടിരുന്നു…. ഒരു കോളേജ് പയ്യനെ പോലെ….. പക്ഷെ ഒരിക്കലും അവളെ കാണാൻ സാധിച്ചില്ല…. അവസാനം കാര്യം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചു…. കാലു വയ്യാത്ത കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ എതിർത്തെങ്കിലും അച്ഛൻ അവന്റെ തീരുമാനത്തിനൊപ്പം നിന്നു….. അങ്ങനെയാണ് ബ്രോക്കറിനെ കണ്ടെത്തി വിവാഹം ആലോചിക്കുന്നത്….. പക്ഷെ അവിടെ വന്നപ്പോൾ കാലിന് വയ്യാന്നു പറഞ്ഞ പെണ്ണ് യാതൊരു കുഴപ്പവുമില്ലാതെ നടന്നു വരുന്നത് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി….. പിന്നീട് ആ തെറ്റിദ്ധാരണ മാറിയപ്പോളാണ് സമാധാനമായത്…..
കാരണം അവൻ സ്നേഹിച്ചത് അവളുടെ രൂപ ഭംഗിയെ മാത്രമായിരുന്നില്ല…. അവളിലെ സ്ത്രീയെക്കൂടിയായിരുന്നു…. ഭൂമിയോളം താഴുന്ന ആരോടും
പരിഭവം പറയാത്ത സ്വന്തം സങ്കടങ്ങൾ സ്വയം കരഞ്ഞു തീർക്കുന്ന അവളിലെ പെണ്ണിനെ…. ആ പെണ്ണിന് ഒരു താങ്ങായും തണലായും നിന്ന് അവളുടെ സ്നേഹം ആസ്വദിക്കാനാണ് അവൻ ആഗ്രഹിച്ചത്…. ഇഷ്ടപ്പെട്ട രാജകുമാരിയെ നരകത്തിൽ നിന്ന് പോലും രക്ഷപെടുത്തുന്ന സ്വർണരഥത്തിൽ വരുന്ന രാജകുമാരനെ പോലെ…..
അത് അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു അവരുടേത്…. അവൻ ഒരു ഭർത്താവിനുപരി ഒരു കാമുകനായി ഒരു നല്ല കൂട്ടുകാരനായി….. അവൾളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും കുറുമ്പുകളും അവന് മാത്രം സ്വന്തമായിരുന്നു….. മനസ്സുകൾ ഒന്നായത് പോലെ ഏതോ ഒരു രാത്രിയിൽ ശരീരങ്ങളും ഒന്നായി…..
അവൾ ഒരു നല്ല ഭാര്യയയും മരുമകളുമായിരുന്നു…. അവളെ വിവാഹം ചെയ്തതിന്റെ പേരിൽ അവന് ഒരു നഷ്ടവും ഉണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു….. അവൾ വന്നപ്പോൾ താഴത്തെ റൂമിലേക്ക് മാറ്റിയ അവന്റെ മുറി അവളുടെ നിർബന്ധപ്രകാരം വീണ്ടും മുകളിലേക്ക് മാറ്റി…. അവന്റെ കാര്യങ്ങളെല്ലാം അവൾ ഓടി നടന്നു ചെയ്തു… ഒരു ഭാര്യയുടെ കടമ അവൾ എല്ലാത്തരത്തിലും നിർവഹിച്ചു…. പലപ്പോളും അവൾ വീണു പോകുമോയെന്ന് എല്ലാവരും സംശയിച്ചപ്പോളും അവന് ഉറപ്പുണ്ടായിരുന്നു അവൾക്ക് അതിനെല്ലാം സാധിക്കുമെന്ന്…… അവൾ ഒരു പോരാളിയാണ്…..
കല്യാണത്തിന് ശേഷം അവളുടെ വീട്ടുകാരെയും അവൻ സ്വന്തം പോലെ നോക്കി….. രേണുകയുടെ പഠിപ്പിന്റെ കാര്യം വരെ…. നല്ലകാലം വന്നിട്ടും ആരോടും യാതൊരു ഈർഷ്യയും കാണിക്കാതെ രാധിക എല്ലാവർക്കും അത്ഭുതമായിരുന്നു…. അവളുടെ അമ്മയ്ക്കും അച്ഛനും പോലും….. അവർ അവസാനം ചെയ്ത തെറ്റുകൾ അവളോട് ഏറ്റു പറഞ്ഞ് മാപ്പ് അപേക്ഷിച്ചു….. എന്നും ദുശ്ശകുനം എന്ന് വിളിച്ചിരുന്ന നാവുകൊണ്ട് മോളെയെന്ന് തിരുത്തി വിളിച്ചു….. അത് അവളുടെ വിജയമായിരുന്നു അവന്റെയും….
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് രാധു ഗർഭിണിയാകുന്നത്….. കല്യാണത്തിനു ശേഷം അവർ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം…. ഇപ്പോൾ മീനുമോൾക്ക് ആറു വയസ്സാകുന്നു….. അന്നത്തെ അവസ്ഥയല്ല ഇന്ന്…. ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു….. അവരുടെ പ്രണയമൊഴിച്ച്……. —————————————————————-
രാധിക പറഞ്ഞതുപോലെ എല്ലാ തിരക്കുകളും മാറ്റി വച്ച് അവൻ ഉച്ചയ്ക്ക് മീനുമോളുടെ സ്കൂളിൽ മീറ്റിങ്ങിനായി പോയി…. മീനുമോളുടെ അമ്മയെ കാണാറില്ല എന്നല്ലാതെ വേറെ ഒരു പരാതിയും അവർക്ക് പറയാനുണ്ടായിരുന്നില്ല…. അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കി അവൻ മീനുവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി….. പാർക്കിലും ബീച്ചിലും കറങ്ങി ഐസ്ക്രീമും വാങ്ങി അവർ വീട്ടിൽ തിരിച്ചെത്തിയപ്പോളേക്കും ഒരു സമയമായിരുന്നു….. തിരിച്ചു വന്നപ്പോളും അച്ഛൻ പതിവ് പോലെ ഉമ്മറത്തുണ്ടായിരുന്നു…..
” രാധു എന്തെങ്കിലും പറഞ്ഞിരുന്നോ അച്ഛാ..?? ” മീനുവിനെ താഴെ നിർത്തി അച്ഛന് ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു…. ഒന്നും പറഞ്ഞില്ലാന്നുള്ള രീതിയിൽ അയാൾ തലയനക്കി…. ഒരു ചിരിയോടെ വീടിന്റ ഹാളിലേക്ക് കയറിയപ്പോളേക്കും മീനു അമ്മ എന്ന് വിളിച്ചു കൊണ്ട് അകത്തേക്ക് കയറി…. അകത്തു നിന്നിരുന്ന പെൺകുട്ടി അവളെ വാരിയെടുത്തു…. രേണുക….
” അത് അമ്മയല്ല ചെറിയമ്മയല്ലേ മോളെ….” മീനുവിന്റെ കവിളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞു….
” രേണുക എപ്പോൾ വന്നു…. എക്സാം ഒക്കെ എങ്ങനുണ്ടായിരുന്നു…. ഇനിയിപ്പോ പേരിന്റെ അറ്റത്ത് ഒരു ഡോക്ടറേറ്റ് കൂടി വയ്ക്കാം അല്ലേ…. ” ഒരു ചിരിയോടെ അവൻ വിശേഷങ്ങൾ തിരക്കി…. അവളും ഒന്ന് ചിരിച്ചു കാണിച്ചു…
” രേണുക രാധുവിനെ കണ്ടിരുന്നോ…. ഞാൻ വന്നിട്ട് അവളെ പോയി കണ്ടില്ലെങ്കിൽ പിന്നെ അത് മതി…. മോളെ ഇങ്ങ് താ…. ഞാൻ കുളിപ്പിച്ച് കൊണ്ടുവരാം…. ” അവൻ മോളെ വാങ്ങാൻ കൈ നീട്ടി…
” ചേട്ടൻ പോയി കുളിച്ചോളു…. മോളെ ഇന്ന് ഞാൻ ഒരുക്കിക്കോളാം….” അവൾ പറഞ്ഞു
നന്ദൻ അത് അനുസരിച്ച് മുകളിലേക്ക് പോയി…. ചെന്നപ്പോളേ കണ്ടു ബെഡിൽ ഇരിക്കുന്ന രാധികയെ…. രാവിലത്തെ സാരി മാറ്റി വേറെയൊരു സാരി ഉടുത്തിരിക്കുന്നു….. മുടി പതിവ് പോലെ അഴിഞ്ഞ് കിടക്കുകയാണ്….
” ആ നന്ദേട്ടൻ വന്നോ…. രേണുവിനെ കണ്ടിരുന്നോ….? ” അവനെ കണ്ടപാടെ ബെഡിൽ നിന്നും എഴുന്നേറ്റ് രാധു ചോദിച്ചു….
” ഉവ്വ്…. മോളെ അവൾ വാങ്ങിച്ചു…. ഇന്ന് അവൾ ഒരുക്കികോളമെന്ന്… എന്തേ അവളുടെ മുഖം വല്ലാതെ…. ” അവൻ ചോദിച്ചു….
” അവൾ എന്തൊക്കെയോ തീരുമാനം എടുത്തിട്ടുണ്ട്…. നന്ദേട്ടൻ കുളിച്ചിട്ട് അങ്ങോട്ടേക്ക് ചെല്ല്…. അവൾക്ക് പറയാനുള്ളത് കേട്ടിട്ട് നല്ലൊരു തീരുമാനം എടുക്കണം…. ”
” ഓഹോ അപ്പോൾ എന്റെ ശ്രീമതിയും കൂടി അറിഞ്ഞുകൊണ്ടാണ്…. ഓക്കേ… ഞാൻ കുളിച്ചിട്ട് വരാം… നമ്മുക്ക് ഒരുമിച്ചു പോകാം…. ”
” നന്ദേട്ടാ…. ഒറ്റയ്ക്ക് പോയാൽ മതി അവൾക്ക് നന്ദേട്ടനോടല്ലേ സംസാരിക്കാനുള്ളത്…. ഞാൻ എന്തിനാ അവിടെ…. ” അവൾ നിന്ന് ചിണുങ്ങി….
” ശരി ശരി എന്റെ പൊന്നോ…. ഈ ഇടയായിട്ട് നിനക്ക് ഇത്തിരി കുട്ടിക്കളി കൂടുന്നുണ്ട്…. മ്മ്… വരട്ടെ ഞാൻ കാണിച്ചു തരാം…. ” അവൻ അവളെ ഇടുപ്പിൽ പിടിച്ച് ദേഹത്തോട് അടുപ്പിച്ചു….
” ഛെ… വിട് നന്ദേട്ടാ… ആരെങ്കിലും വരൂട്ടോ… പോയി കുളിച്ചേ…. ” അവൾ ഒരു വിധത്തിൽ അവനെ തള്ളി ബാത്‌റൂമിലക്കി…..
കുളിച്ചിട്ട് വന്നപ്പോൾ രാധിക റൂമിൽ ഉണ്ടായിരുന്നില്ല…. ബാൽക്കണിയിൽ അസ്തമയം കാണാൻ നിൽക്കുകയാകും എന്ന് അവൻ ഊഹിച്ചു…. ഇപ്പോൾ അത് സ്ഥിരമാണ്…..
അവൻ ഡ്രസ്സ് മാറി താഴേക്ക് ഇറങ്ങി രേണുക മീനുവിനേയും കളിപ്പിച്ച് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…. അവൻ സിറ്റ് ഔട്ടിന്റെ പടിയിൽ പോയി ഇരുന്നു…. അവൻ കൈ നീട്ടിയപ്പോൾ മീനു അവന്റെ മടിയിലേക്ക് കയറി ഇരുന്നു….
” നിനക്ക് എന്തോ പറയാനുണ്ടെന്ന് രാധു പറഞ്ഞല്ലോ….എന്താ കാര്യം വലിയ മുഖവര ഒന്നുമില്ലാതെ പറഞ്ഞോന്നെ… ” അവൻ അവളോട് തിരക്കി…. അപ്പോളേക്കും അമ്മയും അച്ഛനും അങ്ങോട്ട് വന്നു… അച്ഛൻ കസേരയിൽ ഇരുന്നു…. അമ്മ തൂണും ചാരി നിന്നു….
” ഇതെന്താ എല്ലാവരും കൂടി… അപ്പോൾ കാര്യം ഗൗരവമുള്ളതാണല്ലോ…. പറയെന്നെ…. ഇനി വല്ല പ്രേമവുമാണോ..??.. ”
” യെ… അതല്ല ചേട്ടാ…. അത്…. ” രേണുക വിക്കി വിക്കി പറഞ്ഞു….
” അവൾക്ക് പറയാൻ മടിയുണ്ടാകും മോനെ…. പക്ഷെ എനിക്ക് പറഞ്ഞല്ലേ പറ്റു…. ഞാൻ നിന്റെ അമ്മയായി പോയില്ലേ…. ” അമ്മയുടെ സംസാരം തുടങ്ങിയപ്പോളെ അവർ പറയാൻ പോകുന്ന വിഷയത്തെ പറ്റി ഒരു രൂപം അവന് കിട്ടി…. അത് അവനെ അസ്വസ്ഥനാക്കി…. അവന്റെ മുഖം വലിഞ്ഞു മുറുകി…..
” മോനെ…. രാധിക…. അവൾ നിനക്ക് എല്ലാമായിരുന്നു എന്ന് ഞങ്ങൾക്കറിയാം…. പക്ഷെ…. അവൾ പോയിട്ട് ഇപ്പോൾ ആറു വർഷം കഴിഞ്ഞില്ലെടാ…. ഇപ്പോളും നീ ഇങ്ങനെ അവൾ കൂടെയുള്ളത് പോലെ നടക്കുന്നത് കാണുമ്പോൾ പേടിയാകുവാ….” ആ അമ്മ പൊട്ടികരഞ്ഞു….
” നീ എത്ര വേണ്ടെന്ന് വച്ചാലും സത്യം സത്യമല്ലാതെയാകില്ലല്ലോ….. മീനുവിനെ നമ്മളെ ഏല്പിച്ച് അവൾ നമ്മളെ എല്ലാം വിട്ടു പോയി…. ഒരിക്കലും തിരിച്ചു വരാനാകാത്ത ദൂരത്തേക്ക്…. ഇനിയെങ്കിലും നീ അത് ഒന്ന് മനസിലാക്ക്…” നന്ദന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി….. ഒരു കൈയിൽ കുഞ്ഞു മീനുവിനെയും കൈയിൽ വച്ച് വെള്ളപൊതിഞ്ഞ രാധുവിനെ കെട്ടിപിടിച്ചു കരയാൻ പോലുമാകാതെ അവന്റെ രൂപം അവന്റെ മുന്നിലൂടെ മിന്നി മറഞ്ഞു….
” അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു…. രേണുകയ്ക്ക് നിന്നെ വിവാഹം ചെയ്യാൻ ഇഷ്ടമാണ്…. ഇനിയെങ്കിലും നീ കഴിഞ്ഞതെല്ലാം മറക്കണം…. പുതിയ ജീവിതം തുടങ്ങണം… നിനക്ക് വേണ്ടിയല്ലെങ്കിലും ഈ കുഞ്ഞിനെ ഓർത്തെങ്കിലും…. ” അമ്മ പറഞ്ഞവസാനിപ്പിച്ചു…. അവൻ ദേഷ്യത്തോടെ രേണുകയെ നോക്കി…അവൾ തല താഴ്ത്തി നിൽക്കുകയാണ്… അവന്റെ നോട്ടം അമ്മയിലേക്കും അച്ഛനിലേക്കും മാറി…. അവസാനം അത് ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന രാധുവിന്റെ ഫോട്ടോയിൽ പോയി നിന്നു….. അവൻ മോളെ മാറ്റിയിരുത്തി ചാടി എഴുന്നേറ്റു….. ഫോട്ടോയിൽ നിന്നും ആ മാല വലിച്ചു പറിച്ചു കളഞ്ഞു…..
” അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ ഫോട്ടോയ്ക്ക് മാല ഇടരുതെന്ന്…. എത്ര പറഞ്ഞാലും കേൾക്കില്ലന്ന് വച്ചാൽ… ” അവൻ അവർ പറഞ്ഞതോന്നും ശ്രദ്ധിക്കാത്ത രീതിയിൽ പറഞ്ഞു….
” മോനെ… നീ…. ” അമ്മ എന്തോ പറയാനൊരുങ്ങി….
” അമ്മ പറഞ്ഞത് ശരിയാണ്…. അവൾ എനിക്ക് എല്ലാമായിരുന്നു…. ഇപ്പോളും എല്ലാമാണ്… ഇനിയും എല്ലാമായിരിക്കും…. അവൾ നിങ്ങളെ വിട്ട് പോയിട്ടുണ്ടാകും…. പക്ഷെ അവൾക്ക് എന്നെ വിട്ടു പോകാൻ സാധിക്കില്ല…. ഇന്നും അവൾ എന്റെ കൂടെ തന്നെയുണ്ട്….. ഇനിയുമുണ്ടാകും…. ” അവൻ സമാധാനത്തോടെ പറഞ്ഞു…
” മോനെ…. പക്ഷെ…. മീനു…. ” അമ്മ വീണ്ടും എന്തോ പറയാൻ വന്നു…
“അമ്മേ മീനുമോൾക്ക് യാതൊരു കുറവും ഇതുവരെ ഞാൻ വരുത്തിയിട്ടില്ല…. ഇനി വരുത്തുകയുമില്ല…. അവൾ എന്റെ രാധുവിന് എന്നോടുള്ള
” രേണുക സ്കൂട്ടറിലല്ലേ വന്നത്…. ഇപ്പോൾ പോയാൽ ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്താം…. അച്ഛനെയും അമ്മയെയും തിരക്കിയെന്നു പറഞ്ഞേക്കു…..” അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു….. രേണുക കണ്ണുകൾ ഇറുക്കെ തുടച്ച് പേഴ്സും എടുത്ത് സ്കൂട്ടറിനടുത്തേക്ക് നടന്നു…. അവൾ പോകുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അമ്മയും അച്ഛനും അകത്തേക്ക് കയറിപ്പോയി…. ഒന്നും മനസ്സിലാവാതെ സിറ്റ് ഔട്ടിൽ ഇരുന്നു കളിക്കുന്ന മീനുവിന്റെ അടുത്ത് നന്ദനും ഇരുന്നു…. അവന്റെ കണ്ണുകളിൽ മിഴിനീരിന്റെ തിളക്കം ഉണ്ടായിരുന്നു….
അൽപ്പസമയം അങ്ങനെ ഇരുന്നപ്പോൾ പിന്നിൽ ഒരു കാൽപ്പെരുമാറ്റം അവൻ കേട്ടു…. തിരിഞ്ഞു നോക്കാതെ തന്നെ അതാരാണെന്ന് അവന് മനസ്സിലായിരുന്നു…. അധികം താമസിയാതെ രാധിക അവന്റെയടുത്ത് വന്നിരുന്നു…. അവന്റ കൈയുടെ ഇടയിലൂടെ കൈ കയറ്റി ആ തോളിൽ തല ചരിച്ചു വച്ച് അവൾ ഇരുന്നു….
” രാധു സാധാരണ താഴേക്ക് വരാറില്ലല്ലോ…. ഇന്നിത് എന്ത് പറ്റി എന്റെ പെണ്ണിന്…. ” അവൻ അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് ചോദിച്ചു…. അതിന് അവൾ മറുപടി പറഞ്ഞില്ല….
” എന്തിനാ നന്ദേട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ…. ഞാൻ എന്ത് ചെയ്തിട്ടാ നന്ദേട്ടാ…. അമ്മ പറഞ്ഞത് ശരിയല്ലേ….. എത്ര നാളാ ഇങ്ങനെ…. രേണുക… അവൾ പാവമല്ലേ…. നമ്മുടെ മോളെ സ്വന്തം പോലെ അവൾ നോക്കില്ലേ…. ” രാധിക ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു….
” ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്…. എനിക്ക് വേണ്ടതും നിന്നെയാണ്…. നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ…. ” അവൻ അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് പറഞ്ഞു….. രാധു അവനോട് കൂടുതൽ ചേർന്നിരുന്നു….അതൊരു ഉറപ്പായിരുന്നു ഒരു ഇളം തെന്നൽ പോലെ അവന്റെ കൂടെ അവൾ എന്നും ഉണ്ടാകുമെന്ന ഉറപ്പ്….
” പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…. ” അവന്റെ ശബ്ദം അവിടെ അലയടിച്ചു…. ഒരു കൈ കൊണ്ട് രാധുവിനെയും മറു കൈ കൊണ്ട് മീനുവിനെയും അവൻ ചേർത്തു പിടിച്ചു…. അപ്പോൾ ദൂരെ ആകാശത്തെ കുങ്കുമ ചുവപ്പാക്കിക്കൊണ്ട് സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു….
Comments